തൃശൂർ: കേരള കളരികുറുപ്പ് കളരി പണിക്കർ മാതൃസംഘടനയുടെ കീഴിൽ കേരളത്തിൽ നാല്പത്തിരടി കളരി സമ്പ്രദായത്തിൽ ആചരിക്കുന്ന മുഴുവൻ കളരികളെയും ഉൾക്കൊള്ളുന്ന കേരള കളരി ദേവസ്വം ബോർഡ് എന്ന സംവിധാനത്തിനായി ധനസഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കെ.കെ.പി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് ആർ. കുറുപ്പ് നിവേദനം നൽകി.
പൗരാണിക പാരമ്പര്യമുള്ളതും അന്യം നിന്നുപോയതുമായ കളരികൾ, കാവുകൾ, കുളങ്ങൾ എന്നിവ പുനരുദ്ധരിക്കുന്നതിലൂടെ സാംസ്കാരിക പൈതൃക സംരക്ഷണവും പ്രകൃതി സംരക്ഷണവുമാണ് ലക്ഷ്യമിടുന്നത്. കളരി ഗുരുകുല സമ്പ്രദായത്തിൽ അനുവർത്തിച്ചു വരുന്ന ആയോധന കലയായ കളരിപ്പയറ്റ്, ജ്യോതിഷം, പാരമ്പര്യവൈദ്യം, നിലത്തെഴുത്ത് എന്നിവയുടെ പുനരുജ്ജീവനവും കളരി ദേവസ്വം ബോർഡിന് കീഴിൽ പ്രാവർത്തികമാക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്.
സർക്കാർ തലത്തിൽ ഒരു പാക്കേജ് ആയി ഇത് പ്രഖ്യാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. റേഷൻ കാർഡിൽ ജ്യോതിഷത്തെ തൊഴിലായി അംഗീകരിക്കാനും മന്ത്രി പി. തിലോത്തമന് നിവേദനം നൽകി. ജില്ലാ സെക്രട്ടറി വിജയരാഘവൻ, സംസ്ഥാന കമ്മിറ്റി അംഗം ജയൻ അരിമ്പൂർ എന്നിവർ സന്നിഹിതരായി.