ayur

തൃശൂർ: ആധുനിക സൗകര്യങ്ങളോടെ നേത്ര, മൂലക്കുരു ചികിത്സാ സൗകര്യങ്ങളും അടക്കം അരക്കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനം പൂർത്തിയായതോടെ സർക്കാർ മേഖലയിൽ ഇത്തരം സംവിധാനങ്ങളുള്ള ആദ്യ ആയുർവേദ ചികിത്സാലയമാവുകയാണ് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി.

കേരളത്തിൽ ആയുർവേദ നേത്രചികിത്സ വർഷങ്ങളായി മികച്ച രീതിയിൽ നടത്തുന്ന ആശുപത്രിയാണിത്. ആധുനിക നേത്രചികിത്സാ കേന്ദ്രത്തിലുള്ള എല്ലാ പരിശോധനകളും ഇനി ഇവിടെയുണ്ട്. ആയുർവേദത്തിന്റെ പാരമ്പര്യ ചികിത്സാ പദ്ധതികൾ ആധുനിക സൗകര്യത്തോടെ കൈകാര്യം ചെയ്യുമ്പോൾ ഫലപ്രാപ്തിയും കൂടും. കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും കൂടുതൽ ആധുനിക പരിശോധനാ സംവിധാനവും ഉടൻ ലഭ്യമാകും.

കണ്ണിന്റെ റെറ്റിന സ്‌കാൻ ചെയ്യുന്ന ഒ.സി.ടി, ഫീൽഡ് വിഷൻ പരിശോധിക്കുന്ന ഓട്ടോമാറ്റിക് പെരിമീറ്റർ എന്നിവയാണ് എയർകണ്ടിഷൻ ചെയ്ത പരിശോധനാ മുറിയിൽ ഒരുക്കിയിരിക്കുന്നത്. ഇതോടെ, നാഡീസംബന്ധമായ എല്ലാ നേത്രരോഗങ്ങളും സ്കാൻ ചെയ്ത് കണ്ടുപിടിക്കാനാകും. ഗ്ളോക്കോമ അടക്കമുള്ള നേത്രരോഗങ്ങളുടെ ആദ്യഘട്ടത്തിലുണ്ടാകുന്ന കാഴ്ചവ്യതിയാനങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സിക്കാനാകും.

പൈൽസ്, ഫിസ്റ്റുല എന്നിവയ്ക്ക് ഫലപ്രദമായതും ചെലവ് കുറഞ്ഞതുമായ ആയുർവേദ ചികിത്സാ പദ്ധതിയായ ക്ഷാരസൂത്രത്തിന് പ്രത്യേക വിഭാഗം തന്നെ നാഷണൽ ആയുഷ് മിഷൻ വഴി ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. മന്ത്രിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് എയർ കണ്ടിഷൻ ഉൾപ്പെടെയുള്ള ആധുനികസൗകര്യങ്ങളോടെയുള്ള ശസ്ത്രക്രിയമുറി ഒരുക്കിയിട്ടുണ്ട്. ഡയതെർമി, ഒ.ടി ടേബിൾ, മറ്റു ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവ ഇതിനായി ലഭ്യമായിരുന്നു. അണുനശീകരണ സംവിധാനങ്ങളുമുണ്ട്.

അഞ്ച് പ്രത്യേക വിഭാഗം

നേത്രചികിത്സയും ക്ഷാരസൂത്രയും കൂടാതെ, മാനസികരോഗം, സിദ്ധ, യോഗ വിഭാഗങ്ങളിലും പ്രത്യേക ചികിത്സ ലഭ്യമാക്കുന്നുണ്ട്. 12 ലേറെ ഡോക്ടർമാരും അതിലേറെ തെറാപ്പിസ്റ്റുകളുമുണ്ട്. നിലവിൽ അമ്പത് കിടക്കകൾ ജനറൽ വിഭാഗത്തിലും പതിനഞ്ച് എണ്ണം പേ വാർഡിലുമുണ്ട്.

'' ജില്ലാ ആയുർവേദ ആശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങളാണ് മന്ത്രിയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ഒരുക്കിയിരിക്കുന്നത്. നൂറ് കിടക്കകൾ അനുവദിക്കാനുള്ള പ്രൊപ്പോസലും അയച്ചിരുന്നു.

ഡോ. പി.ആർ. സലജ കുമാരി

ഡി.എം.ഒ, ഭാരതീയ ചികിത്സാ വകുപ്പ്.