തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ ഈഴവ യുവാക്കൾക്ക് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ സീറ്റ് നൽകണമെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോ. സെക്രട്ടറി എൻ.വി രഞ്ജിത്ത്. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് തൃശൂർ യൂണിയൻ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രഞ്ജിത്ത്. സാമുദായിക ഭൂരിപക്ഷമുള്ള മേഖലകളിൽ ഇവർക്ക് അവസരം നൽകണം. എന്നും കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനും പോസ്റ്ററൊട്ടിക്കാനും ചാവേറുകളാവാനും മാത്രം രാഷ്ട്രീയ പാർട്ടികൾ ഉപയോഗിച്ചിരുന്ന ഈഴവ യുവത്വം ഇനി മുതൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ഥാനാർത്ഥികളായി മുന്നോട്ട് വരണം. അവരെ സംഘടന സംരക്ഷിക്കും. ചില സമുദായ ശക്തികേന്ദ്രങ്ങളിൽ സംഘടനയുടെ നേതൃസ്ഥാനങ്ങളിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് പുറത്തായവരെ സീറ്റ് നൽകി മത്സരിപ്പിക്കുന്നവർ ചിന്തിക്കേണ്ടത് അവർ സമുദായത്തിന്റെ പ്രതിനിധികളല്ല. അവരെ മത്സരിപ്പിച്ചാൽ രാഷ്ട്രീയം നോക്കാതെ അവർക്കെതിരെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് പി.എസ് സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയർമാൻ കെ.എ മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി കെ.കെ സതീഷ്, ജോ. സെക്രട്ടറി ജിതിൻ മനയ്ക്കലാത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജിതിൻ സദാനന്ദൻ, അഭിലാഷ് പുതുക്കാട്, വി.ഡി സുഷീൽ കുമാർ, കെ.എസ് സുജിത്ത്, കെ.എസ് മനോജ്, രാഹുൽ രാജ്, പ്രമീഷ് കെ. പ്രേമരാജൻ, എം.ഡി മുകേഷ്, ജയകൃഷ്ണൻ വിയ്യത്ത്, വിനേഷ് തയ്യിൽ, ജിനേഷ് കെ. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.
ആനക്കയം പദ്ധതി അനുവദിക്കില്ല,
പ്രക്ഷോഭത്തിന് തയ്യാറെടുത്ത് പരിസ്ഥിതി സംഘടനകൾ
ചാലക്കുടി: ആനക്കയം പദ്ധതിക്കെതിരെ ശക്തമായ നിയമ സമര പരിപാടികൾ ആരംഭിക്കാൻ പരിസ്ഥിതി പ്രവർത്തകരും ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരും സംയുക്ത യോഗം ചേർന്നു തീരുമാനിച്ചു. പദ്ധതി അനാവശ്യവും, അപകടം ക്ഷണിച്ചു വരുത്തുന്നതുമാണെന്നും യോഗം വിലയിരുത്തി. ഇത് 2006 ലെ ആദിവാസി വനാവകാശ നിയമത്തിന്റെ ലംഘനമാണ്. പദ്ധതിക്കായി ആനക്കയം മേഖലയിൽ വൻ തോതിൽ മരം മുറിച്ച് മാറ്റാനുള്ള നീക്കം ഉടൻ നിറുത്തിവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇതിനെതിരെ നിയമനടപടികളുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പദ്ധതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകും. ടി.വി. സജീവൻ, ഡോ. അമിതാ ബച്ചൻ, സി. ആർ നീലകണ്ഠൻ, കെ.എം സുലൈമാൻ, ജോൺ പെരുവന്താനം, ഇ.എം സതീശൻ, ഗോപാലകൃഷ്ണൻ കെ.കെ, എം.ഐ വർഗീസ്, ജോഷി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. എം. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.പി രവി വിഷയം അവതരിപ്പിച്ചു. പ്രവർത്തനം ഏകോപിപ്പിക്കാൻ എസ്.പി രവി, കുസുമം ജോസഫ്, എം. മോഹൻദാസ്, ശരത് ചേലൂർ, പി. രജനീഷ്, ടിജു തോമസ്, ടാനി അലക്സ്, വി.കെ ഗീത, നിഖിൽ ബാലചന്ദ്രൻ എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി.