
തൃശൂർ: വീൽ ചെയറിലാണ്, ഭിന്നശേഷിക്കാരനായ രാജൻ്റെ ജീവിതം. കിടക്കാനോ, വിശ്രമിക്കാനോ ഒരു കട്ടിൽ പോലുമില്ല വീട്ടിൽ. ജില്ലാ വയോക്ഷേമ കോൾ സെന്ററിൽ നിന്ന് വിളിയെത്തിയപ്പോൾ അക്കാര്യം രാജൻ സൂചിപ്പിച്ചു. കോൾ സെന്ററിന്റെ കരുതലും ലയൺസ് ക്ലബ് മണ്ണുത്തി അഗ്രിസിറ്റിയുടെ പിന്തുണയും കൂടിയപ്പോൾ ഉടൻ തന്നെ രാജൻ്റെ വീട്ടിലെത്തി, നല്ലൊരു കട്ടിൽ.
കൊവിഡ് പ്രതിരോധ സാഹചര്യത്തിൽ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വയോക്ഷേമ കോൾ സെന്ററിന്റെ ക്ഷേമാന്വേഷണത്തിനിടയിൽ പാടൂക്കാട് കുമ്പാരൻ വീട്ടിൽ രാജൻ (68), ഭാര്യ അമ്മിണി (64) എന്നിവരുടെ ജീവിതാവസ്ഥ ശ്രദ്ധയിൽപെടുകയായിരുന്നു.
പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത രാജനും ഭാര്യ അമ്മിണിയും ഷെഡ്ഡിലായിരുന്നു ഏറെക്കാലം താമസം. എന്നാൽ ലൈഫ് പദ്ധതി പ്രകാരം പുതിയ വീട് പണിത് നൽകി. അപ്പോഴും കട്ടിൽ ഒരു സ്വപ്നമായി ശേഷിച്ചു. വിവരം ശ്രദ്ധയിൽപെട്ട സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.പി സജീവ്, സാമൂഹിക നീതി വകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റ് മാർഷൽ സി. രാധാകൃഷ്ണൻ എന്നിവർ അടുത്ത ദിവസം തന്നെ രാജന്റെ വീട്ടിലെത്തി ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. രാജൻ്റെ വിഷം കണ്ടറിഞ്ഞ് ലയൺസ് ക്ലബ് മണ്ണുത്തി അഗ്രിസിറ്റി സഹായ ഹസ്തവുമായെത്തി.
ലയൺസ് ക്ലബ് മണ്ണുത്തി അഗ്രിസിറ്റി ബോർഡ് മെമ്പറും മണ്ണുത്തി വെറ്ററിനറി കോളേജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ടി എസ്. രാജീവ്, ലയൺസ് ക്ലബ് പ്രസിഡന്റ് ജോജു ആൻഡ്രൂസ്, സെക്രട്ടറി പി.വി. സുരേന്ദ്രനാഥ് , റീജ്യണൽ ചെയർപേഴ്സൺ ആന്റോ വി. മാത്യു, അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി പ്രശാന്ത് മേനോൻ എന്നിവർ ചേർന്ന് രാജന്റെ വീട്ടിൽ നേരിട്ട് കട്ടിൽ എത്തിക്കുകയായിരുന്നു. സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.പി സജീവ്, സാമൂഹിക നീതി വകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റ് മാർഷൽ സി. രാധാകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.
'' വയോക്ഷേമ കോൾ സെന്ററിന്റെയും, ലയൺസ് ക്ലബ് മണ്ണുത്തി അഗ്രിസിറ്റിയുടെയും സഹായത്തിൽ ഏറെ സന്തോഷം
രാജൻ, അമ്മിണി
'' കൊവിഡ് പശ്ചാത്തലത്തിൽ വയോജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി പ്രവർത്തിച്ചു വരുന്ന വയോക്ഷേമ കോൾ സെന്റർ ജില്ലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സഹായ സഹകരണങ്ങളുമായി ലയൺസ് ക്ലബ് പോലുള്ള സന്നദ്ധ സംഘടനകൾ മുന്നോട്ടു വരുന്നത് ഏറെ സ്വാഗതാർഹമാണ്
യു. പ്രകാശ്,
ജില്ലാ സാമൂഹിക നീതി ഓഫീസർ ഇൻ ചാർജ്