cpm

തൃശൂർ: മുന്നണികളിലെ സീറ്റ് വിഭജന ചർച്ച അവസാനഘട്ടത്തിലെത്തിയതോടെ പിണങ്ങിയും പരിഭവിച്ചും സ്ഥാനാർത്ഥി മോഹികൾ.

സീറ്റ് മോഹിച്ചും തങ്ങളുടെ ഇഷ്ടപ്പെട്ടവർക്ക് സീറ്റ് തരപ്പെടുത്താനും നിരവധി പേരാണ് പാർട്ടി ജില്ലാ ആസ്ഥാനങ്ങളിലെത്തുന്നത്. അറ്റകൈ പ്രയോഗം എന്ന നിലയിൽ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും നൽകും. ജില്ലാ പഞ്ചായത്ത് മുതൽ പഞ്ചായത്ത് വരെയുള്ള വാർഡുകളിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പലരും.

സീറ്റ് ലക്ഷ്യമിട്ട് കൊവിഡ് കാലത്തും പ്രളയ കാലത്തുമെല്ലാം രാവും പകലുമില്ലാതെ സഹായങ്ങളെത്തിക്കാൻ മുന്നിലുണ്ടായിരുന്നു. സീറ്റുകളിൽ അവകാശ വാദം ഉന്നയിക്കാൻ ഇത്തരം പ്രവർത്തനങ്ങളുടെ പട്ടികയുമായാണെത്തുന്നത്. കോൺഗ്രസിലാണ് ഇത്തരം തള്ളിക്കയറ്റം ഉണ്ടാകാറുള്ളതെങ്കിൽ ഇപ്പോൾ കേഡർ പാർട്ടികളിലും നിരവധി പേരെത്തുന്നുണ്ട്. പലരെയും പരമാവധി അനുനയിപ്പിച്ചാണ് പറഞ്ഞ് വിടുന്നത്.

നാളെയോടെ പൂർണ്ണ ചിത്രം

മുന്നണികളിൽ ഘടകകക്ഷികൾ തമ്മിലുള്ള സീറ്റ് ചർച്ച പൂർത്തിയായതോടെ ഇന്നും നാളെയുമായി പൂർണ്ണ ചിത്രം തെളിഞ്ഞേക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഓഫീസുകളിൽ മാരത്തൺ ചർച്ചകളാണ് നടക്കുന്നത്. ഇന്നലെ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ചേർന്ന് കോർപറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്തിരുന്നു. ഓൺലൈനിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച.

യു.ഡി.എഫിലും ചർച്ചകൾ അവസാന ഘട്ടത്തിലാണ്. സ്വന്തം ഡിവിഷനുകളിലുള്ളവർ തന്നെ അതാത് ഡിവിഷനുകളിൽ മത്സരിച്ചാൽ മതിയെന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ട് വെച്ചെങ്കിലും അതിൽ നിന്ന് പിറകോട്ട് പോകേണ്ട സ്ഥിതിയിലാണ്. പല പ്രമുഖരുടെയും സീറ്റുകൾ സംവരണമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ വലിയ കടുംപിടുത്തം വേണ്ടെന്ന നിലപാട് ഡി.സി.സി സ്വീകരിച്ചതായും അറിയുന്നു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ ജില്ലയിലെത്തി സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ബി.ജെ.പി ഇതിനോടകം പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങി. തർക്കമുള്ള ഏതാനും സീറ്റുകൾ ഒഴിച്ചിട്ടിട്ടുണ്ട്. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെയും അടുത്ത ദിവസം പ്രഖ്യാപിക്കും.

സ്വതന്ത്ര വേഷം വേണമെന്നും അപേക്ഷ

പാർട്ടിക്കാരൻ തന്നെയാണെങ്കിലും സ്വതന്ത്രവേഷം കെട്ടാൻ താത്പര്യം ഉള്ളവരും ഏറെ. നിഷ്പക്ഷ വോട്ടുകൾ നേടാൻ ഈ വേഷം ഗുണകരമാകുമെന്ന അവകാശ വാദവുമായാണ് ഇത്തരക്കാർ രംഗപ്രവേശം ചെയ്തിരിക്കുന്നത്. എന്നാൽ സ്വതന്ത്ര വേഷം കൊടുക്കുന്നത് അണികൾക്ക് ഇഷ്ടമാകില്ലെന്ന് കണ്ട് പലരെയും പിന്തിരിപ്പിക്കുകയാണ്.