fishing

തൃശൂർ: നൂറുക്കണക്കിന് മത്സ്യബന്ധന വള്ളങ്ങൾ കടലിലേക്ക് പോകുന്ന ചേറ്റുവ ഹാർബർ അടച്ചിട്ടിട്ട് ഒരുമാസം തികയുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് അടച്ചിടൽ. മത്സ്യവുമായി കരയ്‌ക്കെത്തുന്ന ജില്ലയിലെ ഏക മത്സ്യബന്ധന ഹാർബറാണ് ചേറ്റുവ. മന്ദലാംകുന്ന് മുതൽ പെരിഞ്ഞനം വരെയുള്ള കടലോരങ്ങളിലെ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനം നടത്തി മത്സ്യവുമായി കരക്കെത്തുന്ന കേന്ദ്രമാണിത്. കൊവിഡ് പോസറ്റീവ് ആയവരെ കടലിൽ പോകുന്നതും ഒപ്പം കരയിലും ഉള്ളവരെ മാറ്റി നിർത്തുന്നതും ന്യായമാണെങ്കിലും മൊത്തം മാറ്റി നിർത്തുന്നത് നീതീകരിക്കാനാവില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. നിലവിൽ മലപ്പുറം , എറണാകുളം, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലകളിലെ വള്ളങ്ങളും ബോട്ടുകളും ജില്ലയിലെ തീരക്കടലിലും ആഴക്കടലിലും ഇടക്കടലിലും വന്ന് നിരന്തരം മത്സ്യബന്ധനം നടത്തി പോകുകയാണ്.

ഫിഷ് ബാങ്ക് കൊള്ളയടിക്കുന്നു
ചേറ്റുവ ഹാർബറിന് വടക്ക് പടിഞ്ഞാറ് ചേർന്നാണ് അറബിക്കടലിൽ ഫിഷ് ബാങ്ക് ഉള്ളത്. അത് കൊണ്ട് തന്നെ ചേറ്റുവ ഹാർബറിൽ നിന്ന് മീൻ പിടിക്കാൻ പോകുന്നവർക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. എന്നാൽ ഇവിടം അടഞ്ഞു കിടക്കുന്നതിനാൽ മറ്റ് ജില്ലക്കാരും അന്യസംസ്ഥാനക്കാരും എത്തി മീൻ പിടിച്ച് കൊണ്ട് പോകുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

ഹാർബർ തുറക്കാൻ നടപടി സ്വീകരിക്കണം

നവംബർ-സിസംബർ മാസങ്ങളിലാണ് മത്സ്യത്തൊഴിലാളികൾക്ക് കാച്ചിംഗ് ലഭിക്കുക. ഡിസംബർ മാസത്തോടെ കരക്കാറ്റ് ശക്തമാകും. അതോടെ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ മത്സ്യബന്ധനത്തെ സാരമായി ബാധിക്കും. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് ഹാർബ്ബർ തുറന്നു കൊടുക്കാൻ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിവേദനം കൊടുത്തിട്ടുണ്ട്.
ടി.എൻ.പ്രതാപൻ,

എം.പി