കയ്പമംഗലം: മുന്നണികൾ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തീരദേശം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. മേഖലയിലെ ചില സ്ഥാനാർത്ഥികളായവർ സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങി. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കയ്പമംഗലത്ത് ഇരുമുന്നണിയിലും ഘടക കക്ഷികളായ ജനതാദൾ പുറത്തേക്ക്. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് കയ്പമംഗലത്ത് എൽ.ഡി.എഫ് യോഗത്തിൽ നിന്ന് അജിത്ത് കൃഷ്ണന്റെ നേതൃത്വത്തിൽ ജനതാദൾ ഇറങ്ങിപ്പോയി. കയ്പമംഗലത്ത് എൽ.ഡി.എഫ് സീറ്റു വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും ഏകദേശം പൂർത്തിയായി. എന്നാൽ സി.പി.എമ്മിൽ നിന്ന് നേരത്തെ തന്നെ മാറി നിൽക്കുന്ന കുറച്ച് പേർ കൂറുമുന്നണിക്ക് രൂപം നൽകി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. സീറ്റു ലഭിക്കാത്തവരും കൂറുമുന്നണിയോടൊപ്പം നിന്ന് മത്സരിക്കാക്കാനുള്ള ശ്രമത്തിലാണ്.
ഗ്രൂപ്പു കലാപത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരം നഷ്ടപെട്ട കോൺഗ്രസും വളരെ ശ്രദ്ധിച്ച് സീറ്റു വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും നടത്തുന്നുണ്ടെങ്കിലും ഒരു വാർഡിലെ നേതാക്കൾ തമ്മിലുള്ള തർക്കം ജില്ലാ നേതൃത്വത്തിന് വിട്ടിരിക്കുകയാണ്. എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയാക്കിയെങ്കിലും കയ്പമംഗലത്തെ മുൻ മെമ്പറായ മുതിർന്ന ബി.ജെ.പി നേതാവിന് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.