ചാലക്കുടി: പരിയാരം പഞ്ചായത്തിൽ ഭരണകക്ഷിയായ എൽ.ഡി.എഫിലെ സീറ്റ് വിഭജന ചർച്ച എങ്ങുമെത്താതെ ഇഴയുന്നു. തീരുമാനം എടുക്കാനുള്ള അവസാന ദിവസം ചൊവ്വാഴ്ചയാണെങ്കിലും സി.പി.ഐയുടെ പിടിവാശിയാണ് പ്രശ്‌നം സങ്കീർണമാക്കുന്നത്. എൽ.ഡി.എഫിലേക്ക് എത്തിയ എൽ.ജെ.ഡിക്ക് തങ്ങളുടെ സീറ്റുകളിൽ നിന്നും ഒന്നുപോലും വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണ് സി.പി.ഐ.
നേരത്തെ എൽ.ജെ.ഡി, യു.ഡി.എഫിലേക്ക് പോകുമ്പോൾ ഒഴിവുവന്നതിൽ രണ്ട് സീറ്റും സി.പി.ഐക്കാണ് കിട്ടിയത്. എന്നാൽ തിരികെ നൽകാൻ സി.പി.ഐ തയ്യാറാകുന്നില്ലെന്നാണ് സി.പി.എം പരാതി. ഒരെണ്ണം സി.പി.ഐ വിട്ടുനൽകിയാൽ മറ്റ് സീറ്റുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് സി.പി.എം നേതാക്കൾ പറയുന്നു. കഴിഞ്ഞ വർഷം ഒമ്പത് സീറ്റുകളിൽ മത്സരിച്ച സി.പി.എം ഏഴ് സീറ്റിൽ വിജയിച്ചു.
നാല് സീറ്റിൽ മത്സരിച്ച സി.പിഐ രണ്ടിടത്താണ് ജയിച്ചത്. ജനതാദൾ എസ്, എൻ.സി.പി പാർട്ടികൾ ഓരോ സീറ്റിലായിരുന്നു മത്സരിച്ചത്. സി.പി.ഐയുടെ പിടിവാശിയിൽ സി.പി.എമ്മിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു. ഭരണം നടത്തുമ്പോഴും സി.പി.ഐ സ്വീകരിച്ച വിവിധ നിലപാടുകളിലും പാർട്ടി പ്രവർത്തകരിൽ കുടുത്ത അതൃപ്തിയുണ്ട്.