jail-

തൃശൂർ: ജയിലുകളിൽ പ്രവേശിപ്പിക്കുമ്പോൾ പ്രതികളെ മെരുക്കിയെടുക്കാനായി 'നടയടി' വ്യാപകമാകുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഇനി കൊവിഡ് നിരീക്ഷണകേന്ദ്രങ്ങൾ ജയിലുകളിൽ മാത്രമായേക്കും. തൃശൂർ കിഴക്കേക്കോട്ടയിലെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിൽ മർദ്ദനമേറ്റ് റിമാൻഡ് പ്രതി ഷെമീർ മരിച്ചതിനെ തുടർന്ന് ഇത് അടച്ചുപൂട്ടി ജയിൽ വളപ്പിനുള്ളിൽത്തന്നെ നിരീക്ഷണ കേന്ദ്രം ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം തുറന്നിരുന്നു.

ഇത് എല്ലാ ജയിലുകളിലും നടപ്പാക്കിയേക്കും. തൃശൂരിലെ നിരീക്ഷണ കേന്ദ്രത്തിൽ ക്രൂരമർദ്ദനത്തിനിരയായെന്ന് ഇരുപതോളം പേർ കൂടി പൊലീസിനും ക്രൈംബ്രാഞ്ചിനും മൊഴി നൽകിയിരുന്നു. വാഹനമോഷണക്കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതിയെ അതിക്രൂരമായി മർദ്ദിച്ചത് വിവാദമായിരുന്നു. ഈ കേസിലാണ് ഡി.ജി.പി ഋഷിരാജ് സിംഗ് രണ്ട് ജയിൽ ജീവനക്കാരെയും സൂപ്രണ്ടിനെയും ആദ്യം സസ്‌പെൻഡ് ചെയ്തത്.

വനിതാ തടവുകാരെ മറ്റുള്ളവർ കാണും വിധം വിവസ്ത്രരാക്കിയെന്നും തടവുകാരുടെ മുന്നിൽ മദ്യപിച്ചു തുടങ്ങിയ പരാതികളും ഉയർന്നിരുന്നു. ഈ പരാതികളിലും ക്രൈബ്രാഞ്ചിൻ്റെ അന്വേഷണം തുടരുകയാണ്. ജയിലിന് പുറത്ത് നിരീക്ഷണകേന്ദ്രത്തിൽ ചുമതല കിട്ടിയപ്പോൾ ലഭിച്ച സ്വാതന്ത്ര്യമാണ് ജയിൽ ജീവനക്കാർ ദുർവിനിയോഗം ചെയ്യുകയായിരുന്നുവെന്നും അപസ്മാര രോഗിയാണെന്ന പരിഗണന ഷെമീറിന് നൽകിയില്ലെന്നും ചില ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

ഷെമീറിന്റെ തല മുതൽ കാൽ വരെ തല്ലിച്ചതച്ചു


കഞ്ചാവ് കേസിൽ പിടിയിലായ ഷെമീറിന് (32) ജയിൽ ജീവനക്കാരിൽ നിന്ന് ഏൽക്കേണ്ടി വന്നത് കണ്ണിൽച്ചോരയില്ലാത്ത ക്രൂരമർദ്ദനമായിരുന്നു. തലയുടെ പിൻഭാഗം മുതൽ കാൽ വരെ ലാത്തികൊണ്ട് തല്ലിച്ചതച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു. തലയ്ക്കേറ്റ ക്ഷതവും ശരീരത്തിലുണ്ടായിരുന്ന നാൽപതിലേറെ മുറിവുകളും മരണകാരണമായി. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്ന് പോയിരുന്നു. ഇടുപ്പിന് താഴെ രക്തം കെട്ടിനിൽക്കുകയായിരുന്നുവെന്നും പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

രോഗികൾക്കും പരിഗണനയില്ല

അപസ്മാരബാധയുണ്ടായ ശേഷം ആശുപത്രിയിൽ കൊണ്ടുപോകാതെ ഷെമീറിനെ നിരീക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചതും ജയിൽജീവനക്കാരുടെ ഗുരുതരവീഴ്ചയായി. ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് അയയ്ക്കാനാണ് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ ഇത് ലംഘിച്ച് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ചായിരുന്നു ക്രൂരമർദ്ദനം. പുലർച്ചെ ജയിലിൽ നിന്ന് വാഹനം എത്തിച്ചാണ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.