seat

മാള: ആദ്യം സ്ഥാനാർത്ഥിയാകൂ സഹോദരീ, പാർട്ടി അംഗത്വമൊക്കെ പിന്നെയാകാം. പ്രമുഖ രാഷ്ട്രീയ പാർട്ടികളും ചില സംവരണ വാർഡുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള പെടാപ്പാടിൽ നിലപാട് ഇങ്ങനെ മാറ്റുകയാണ്.

പൊതുസമ്മതിയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ ചില വാർഡുകളിൽ നേതാക്കൾ നെട്ടോട്ടമോടുന്നു. പൊതുവിഭാഗത്തിന് വാർഡ് ലഭിക്കുമെന്ന് കരുതി സ്ഥാനാർത്ഥി കുപ്പായം തുന്നിയവർ സംവരണമായപ്പോൾ ഒന്നിനും ഇല്ലെന്ന് പറഞ്ഞ് മാറി നിൽക്കുന്നു. പൊതുവിഭാഗം ആണെങ്കിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാമെന്ന മോഹം പൊലിഞ്ഞവരും ചില പഞ്ചായത്തുകളിൽ മാറിനിൽക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

പാർട്ടികൾ പൊതുസമ്മതരെ തേടിയെത്തിയപ്പോഴാണ് അത്തരക്കാർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് കണ്ടത്. എന്നാൽ അതൊന്നും പ്രശ്‌നമല്ലെന്നും പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തടസമില്ലെന്ന നിലപാടിലാണ് നേതാക്കൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരു പൊതുപരിപാടികളിൽ പോലും പങ്കെടുക്കാത്തവരെയും സ്ഥാനാർത്ഥികളായി പരിഗണിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഭർത്താവിന്റെ വാർഡ് സംവരണമായപ്പോൾ ഭാര്യയെ പരിഗണിക്കുന്നു. ജാതി-മത ഭൂരിപക്ഷം അനുസരിച്ചുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനും പാർട്ടി നേതാക്കൾ ശ്രമിക്കുന്നുണ്ട്. പൊതുസമ്മതർക്കായുള്ള ശ്രമത്തിനിടയിൽ വിമതരും തല പൊക്കുന്നുണ്ട്. പാർട്ടി ബന്ധമൊന്നുമില്ലെന്ന് നേതാക്കളോട് പറഞ്ഞിട്ടും അതൊന്നും കാര്യമാക്കേണ്ടെന്നും എല്ലാറ്റിനും ഞങ്ങളുണ്ടെന്നും പറഞ്ഞാണ് സ്ഥാനാർത്ഥികളെ സമ്മതിപ്പിച്ചിരിക്കുന്നത്.