തൃശൂർ: ഗ്രാമ, ബ്ലോക്ക് വാർഡുകളിൽ സ്ഥാനാർത്ഥി പട്ടിക ഏകദേശം പൂർത്തിയായി പ്രചരണ രംഗം കൊഴുത്തു തുടങ്ങുമ്പോൾ ഏവരും ശ്രദ്ധാപൂർവം വീക്ഷിക്കുന്ന ജില്ലാ പഞ്ചായത്ത്, കോർപറേഷൻ സ്ഥാനാർത്ഥികളെ മൂന്ന് മുന്നണികളും ഇന്ന് മുതൽ പ്രഖ്യാപിക്കും. സി.പി.എം, ബി.ജെ.പി, സി.പി.ഐ എന്നിവർ ഇന്ന് മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. മറ്റ് ഘടക കക്ഷികളും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി. അവരും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. കോൺഗ്രസ് രണ്ടു ഘട്ടമായിട്ടായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. നിലവിൽ രണ്ട് ഭരണവും എൽ.ഡി.എഫിനാണ്. ജില്ലാ പഞ്ചായത്തിൽ ഒരു തവണ മാത്രമാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. അതേസമയം കോർപറേഷൻ കഴിഞ്ഞ തവണ എൽ.ഡി.എഫിന് നേരിയ ഭൂരിപക്ഷത്തിന് ലഭിച്ചെങ്കിലും യു.ഡി.എഫിന് മേധാവിത്വം ഉള്ള സ്ഥലമെന്നാണ് വിലയിരുത്തൽ. യുവനിരയ്ക്കും അർഹമായ പ്രാതിനിദ്ധ്യം നൽകാൻ മൂന്ന് മുന്നണികളും ശ്രമിച്ചിട്ടുണ്ട്.
കോർപറേഷൻ
കോർപറേഷൻ സ്ഥാനാർത്ഥികൾ സംബന്ധിച്ച് ഏകദേശ ധാരണ ആയിട്ടുണ്ട്. സി.പി.എമ്മിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി. കെ. ഷാജൻ, ഡി.പി.സി മെംബർ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ് കാട, കെ. സുരേഷ് കുമാർ, അനൂപ് കരിപ്പാൽ, എം.കെ മുകുന്ദൻ സി.പി.ഐയിലെ അജിതാ വിജയൻ, ബീന മുരളി, കേരള കോൺഗ്രസിലെ ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് എന്നിവർ മത്സര രംഗത്തുണ്ടാകും.
കോൺഗ്രസിൽ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, എ. പ്രസാദ്, സുബി ബാബു, ജയമുത്തിപീടിക, ഫ്രാൻസിസ് ചാലിശേരി, കരോളിൻ ജ്വോഷ്വ, രാമനാഥൻ എന്നിവർ പട്ടികയിലുണ്ടാകും. ബി.ജെ.പിയിലെ നിലവിലെ കൗൺസിലർമാരിൽ പൂർണ്ണിമ സുരേഷ്, കെ. മഹേഷ്, വി. രാവുണ്ണി, വിൻഷി അരുൺ കുമാർ എന്നിവർക്ക് പുറമേ വിനോദ് പൊള്ളാഞ്ചേരി, എ. പ്രസാദ്, ഡോ.വി. ആതിര എന്നിവർ മത്സരിക്കും.
ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്തിൽ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ചിത്രം പൂർണമായിട്ടില്ല. വൈസ് പ്രസിഡന്റ് ആയിരുന്ന കെ.പി രാധാകൃഷ്ണൻ മത്സരിക്കില്ലെന്നാണ് വിവരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഇത്തവണയും മത്സരിച്ചേക്കും. മുൻ അംഗം പി.കെ ഡേവിസ് മാസ്റ്റർ, മഞ്ജുള അരുണൻ, വി.ഡി പ്രേം പ്രസാദ്, പി.എം അഹമ്മദ് എന്നിവരുടെ പേരുകളും അവസാനവട്ട ചർച്ചകളിലുണ്ട്. യു.ഡി.എഫിൽ ജോസഫ് ടാജറ്റ്, സുന്ദരൻ കുന്നത്തുള്ളി എന്നിവർ മത്സരിച്ചേക്കും. ഭരണം ലഭിച്ചാൽ ഇവരിൽ ഒരാളാകും പ്രസിഡന്റ്. കൂടാതെ എ- ഐ ഗ്രൂപ്പുകളിൽ ശോഭാ സുബിൻ, ടി.എസ് സനീഷ് കുമാർ, സി.എം നൗഷാദ്, നൗഷാദ് കൊട്ടിലിങ്ങൽ തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്. ലീഗ് സ്ഥാനാർത്ഥി നിർണ്ണയം ഇന്ന് പൂർത്തിയാക്കും. രണ്ട് സീറ്റുകളിൽ യുവ നേതാക്കളായിരിക്കും വരിക. ബി.ജെ.പി ലിസ്റ്റിൽ ബിജോയ് തോമസ്, റിഷി പൽപ്പു, സർജു തൊയക്കാവ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് രമാദേവി എന്നിവർ ഉണ്ടായേക്കും.