വടക്കെക്കാട്: വടക്കെക്കാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഉദ്ഘാടനം കഴിഞ്ഞ സുജീവനം വൃദ്ധസൗഹൃദ ഉദ്യാനം പൂർണതയിലെത്തിയില്ലെന്ന് പരാതി. 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഉദ്യാനത്തിൽ പേരിനു മാത്രം കുറച്ച് പൂച്ചട്ടികളാണുള്ളത്. ഷീറ്റ് മേഞ്ഞ നടപ്പുര, കവാടം, നിലത്ത് കട്ടവിരിക്കൽ, ബെഞ്ചുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ചെയ്തിട്ടുള്ളത്.
ആശുപത്രിയിലെത്തുന്ന വയോധികർക്ക് മാനസിക ഉണർവ് നൽകുന്നതിനായാണ് പദ്ധതി തയ്യാറാക്കിയത്. സിമന്റ് ബെഞ്ച്, ടി.വി, പുസ്തകങ്ങൾ, ചെടികൾ, കുടിക്കാൻ ശുദ്ധീകരിച്ച വെള്ളം എന്നിവ ഒരുക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇവയൊന്നും പൂർത്തിയായിട്ടില്ല. നിർമാണം നടത്തിയ കോസ്റ്റ് ഫോർഡിന് ഇതിനകം ആറ് ലക്ഷം രൂപയോളം കൈമാറിയിട്ടുണ്ട്.