ചാവക്കാട്: സർവ പാർട്ടികളുടെയും മാലിന്യം പേറുന്ന കുപ്പത്തൊട്ടിയാണ് സി.പി.എം എന്നും അണ്ടത്തോട് സ്വദേശി വി.കെ. യൂസഫിനെ പാർട്ടിയിലെടുത്തത് ഇതിന് ഉദാഹരണമാണെന്നും ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ യൂസഫിനെതിരെ അച്ചടക്ക നടപടികൾക്കായി നേതൃത്വത്തോട് ശുപാർശ ചെയ്തിരുന്നു. പാർലമെന്ററി മോഹം മൂത്ത യൂസഫ് പുന്നയൂർക്കുളം പഞ്ചായത്തിലെ 19-ാം വാർഡിൽ സ്ഥാനാർത്ഥി മോഹവുമായി വന്നിരുന്നു. എന്നാൽ സ്ഥാനാർത്ഥിയാക്കാൻ നേത്യത്വം തയ്യാറായില്ല. തുടർന്നാണ് സി.പി.എമ്മിൽ ചേക്കേറിയത്. അവസരവാദപരമായ നിലപാടിനെ രാഷ്ട്രീയമായി നേരിടുമെന്ന് നേതാക്കൾ പറഞ്ഞു.

യോഗം സംസ്ഥാന പ്രസിഡന്റ് സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.വി. അബ്ദുൽ റഹീം അദ്ധ്യക്ഷനായി. വി.പി. ലത്തീഫ് ഹാജി ചേറ്റുവ, ജലീൽ വലിയകത്ത്, മന്ദലംകുന്ന് മുഹമ്മദുണ്ണി, കെ.വി. അബ്ദുൽ ഖാദർ, ലത്തീഫ് പാലയൂർ, ഫൈസൽ കാനാംപുള്ളി എന്നിവർ സംബന്ധിച്ചു.