ചാലക്കുടി: ജോലി നഷ്ടപ്പെട്ട് എട്ടുവർഷം പിന്നിടുമ്പോഴും നഷ്ടപരിഹാരം ലഭിക്കാതെ കൊരട്ടി വൈഗൈ ത്രെഡ്‌സ് കമ്പനിയിലെ തൊഴിലാളികൾ. പ്രവർത്തനം അവസാനിപ്പിച്ച കമ്പനിയിലെ 195 തൊഴിലാളികളാണ് ജീവനാംശത്തിനായി സർക്കാരിന്റെ കനിവ് കാത്തിരിക്കുന്നത്. കമ്പനിയുടെ ഇപ്പോഴത്തെ നിയന്ത്രണം കർണാടക ഹൈക്കോടതിയുടെ കൈകളിലാണ്.
ബംഗളൂരു ആസ്ഥാനമായ കമ്പനി നൽകിയ കേസിലാണ് ലിക്വിഡേറ്ററെ നിയമിക്കൽ അടക്കമുള്ള ഹൈക്കോടതി ഇടപെടലുണ്ടായത്. 3.7 കോടി രൂപയ്ക്ക് കമ്പനി സാമഗ്രികൾ ലേലം ചെയ്തു കൊടുത്തു. ലേലം കൊണ്ട സ്വകാര്യ വ്യക്തി ഇതിനകം സാധനങ്ങളെല്ലാം കൊണ്ടുപോയി. പാട്ടത്തിനു കൊടുത്ത ഭൂമി ഔദ്യോഗികമായി തിരികെ ലഭിച്ചതിന് ശേഷം തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാമെന്നാണ് യൂണിയൻ നേതാക്കൾക്ക് സംസ്ഥാന വ്യവസായ വകുപ്പ് ഉറപ്പു നൽകിയത്.
കൊവിഡ് വ്യാപനമാണ് ഇപ്പോഴത്തെ തടസവാദം. 2013 ജനുവരി 23നായിരുന്നു കമ്പനി അടച്ചുപൂട്ടി മാനേജ്‌മെന്റ് സ്ഥലം വിട്ടത്. ഇതോടെ കമ്പനി കവാടത്തിൽ തൊഴിലാളികൾ 62 ദിവസം നിരാഹാര സമരം നടത്തി. കമ്പനി ഉടൻ തുറക്കണമെന്നും പിരിഞ്ഞു പോകാൻ താത്പര്യമുള്ളവർക്ക് നിയമപരമായ നഷ്ടപരിഹാരം വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പിന്നീട് അന്നത്തെ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നായിരുന്നു നിരാഹാരം അവസാനിച്ചത്.
തുടർന്ന് കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ അനുവാദം ആവശ്യപ്പെട്ട് ബംഗളൂരു ഹൈക്കോടതിയിൽ വൈഗൈ ത്രെഡ്സ് കമ്പനി ഹർജിയും നൽകി. ഇതിന് അനുവാദം നൽകുമെന്ന സാഹചര്യമുണ്ടായപ്പോൾ കമ്പനി തുറക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളും സംസ്ഥാന സർക്കാരും നൽകിയ ഹർജികൾ പിൻവലിച്ചു. ഇതിനിടെ ശരാശി ഒരു ലക്ഷം രൂപ കണക്കിൽ എല്ലാ തൊഴിലാളികൾക്കും മാനേജ്‌മെന്റ് നഷ്ടപരിഹാരം നൽകി.
എന്നാൽ 70 പേർ തുക കൈപ്പറ്റാതെ തിരിച്ചയച്ചു. ഇവരടക്കം മുഴുവൻ തൊഴിലാളികൾക്കും ഇനി സംസ്ഥാന സർക്കാർ ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള കാത്തിരിപ്പിലാണ് തൊഴിലാളികളെന്ന് ജെ.ടി.എം ലേബർ യൂണിയൻ സെക്രട്ടറി പി.വി. കിഷോർ പറഞ്ഞു.
2400 തൊഴിലാളികൾ 195 ആയി
1988ൽ പുതുക്കിയ സേവന വേതന കരാർ അടിസ്ഥാനപ്പെടുത്തി ശരാശരി 6500 രൂപയായിരുന്നു തൊഴിലാളികളുടെ അവസാന കാലത്തെ ശമ്പളം. രണ്ടു വർഷം നീണ്ട ലോക്ക് ഡൗണിനു ശേഷം 1996ലാണ് മധുര കോട്സ് മാനേജ്‌മെന്റിൽ നിന്നും വൈഗൈ ത്രെഡ്സ് കമ്പനി ഏറ്റെടുത്തത്. ഇതോടെ 2400ൽ നിന്നും തൊഴിലാളികളുടെ എണ്ണം 850 ആയി കുറഞ്ഞു. മറ്റുള്ളവരെ വി.ആർ.എസ് നൽകി വിട്ടയക്കുകയായിരുന്നു. പിന്നീടുള്ള പിരിച്ചു വിടലിനു ശേഷം 195 തൊഴിലാളികൾ മാത്രമാണ് അവശേഷിച്ചത്.
ഭൂമിയിൽ കണ്ണ് നട്ട്
പതിറ്റാണ്ടുകളോളം സംസ്ഥാനത്തെ മികച്ച വ്യവസായ സ്ഥാപനങ്ങളുടെ പട്ടികയിലുണ്ടായ മധുരാ കോട്‌സിന് 86 ഏക്കർ സ്ഥലമാണ് സർക്കാർ പാട്ടത്തിന് നൽകിയിരുന്നത്. പിന്നീട് 32 ഏക്കർ ഇൻഫോ പാർക്കിന് വിട്ടുനൽകി. കെ.എസ്.ഇ.ബി ഓഫീസ്, ഹൈവേ വികസനം എന്നിവയ്ക്കായി കുറേ ഭൂമിയും വിട്ടുകൊടുത്തു. നിലവിലുള്ള ഭൂമി വിട്ടുതരണമെന്ന ആവശ്യവുമായി കൊരട്ടി ഗ്രാമ പഞ്ചായത്ത്, മോട്ടോർ വാഹനവകുപ്പ്, ഇൻഫോ പാർക്ക് എന്നിവ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
വൈഗൈ ത്രെഡ്സ്
ജീവനാംശം കാത്തിരിക്കുന്നത് - 195 തൊഴിലാളികൾ
വൈഗൈ ത്രെഡ്സ് കമ്പനി പൂട്ടിയത് - 2013 ജനു. 23ന്
പാട്ടഭൂമി തിരികെ കിട്ടിയാൽ നഷ്ടപരിഹാരം നൽകുമെന്ന്
കമ്പനി സാമഗ്രികൾ 3.7 കോടി രൂപയ്ക്ക് ലേലം ചെയ്തു