ചാലക്കുടി: ചാലക്കുടിപ്പുഴയിലെ ജലവിതാനം ക്രമാതീതമായി താഴ്ന്നു. പരിസരത്തെ കുടിവെള്ള സ്രോതസുകളും വറ്റിയതോടെ തടയണകളിലെ ഷട്ടറുകൾ ഇട്ടുതുടങ്ങി. പരിയാരം സി.എസ്.ആർ കടവിലെ കൊമ്പൻപാറ തടയണയുടെ ഷട്ടറുകൾ കഴിഞ്ഞ ദിവസം സ്ഥാപിച്ചു. കൂടപ്പുഴ ആറാട്ടുകടവിലും വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു.

ജനങ്ങളുടെ വസ്ത്രം കഴുകൽ, കുളി എന്നിവയ്ക്കു പോലും തടസമാകുന്ന വിധമാണ് വെള്ളം താഴ്ന്നത്. ഇവിടുത്തെ ഷട്ടറുകൾ ഈ വേനലിൽ ഇടാനാകാതെ വരും. തടണയുടെ അറ്റകുറ്റപ്പണി നടക്കുമ്പോൾ വെള്ളം തടഞ്ഞു നിറുത്തുന്നത് പ്രായോഗികമാകില്ല. 50 മീറ്റർ മാത്രം അകലെ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പമ്പിംഗിനും ഇതു ഭീഷണിയാകും.

നവംബർ തുടക്കം തന്നെ പുഴയിൽ ഇത്രയേറെ ജലനിരപ്പ് താഴുന്നത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരിത്തൽ. തുലാവർഷം ചതിച്ചതാണ് ഇത്തരം അവസ്ഥയ്ക്ക് ഇടയാക്കിയെന്ന് കർഷകർ പറയുന്നു.

കൂടപ്പുഴയിൽ വെള്ളം തടഞ്ഞു നിറുത്തുന്നതിന് ബദൽ സംവിധാനം ആവശ്യമാണ്. മറ്റു തടയണകളിൽ ഷട്ടറുകൾ ഇട്ടാലും അനുദിനം പുഴയിലെ വെള്ളം കുറയുന്നത് ജലസേചനം, ശുദ്ധജല വിതരണം എന്നിവയ്ക്ക് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിയ്ക്കും.