വടക്കാഞ്ചേരി: തന്റെ പഠനകാലത്ത് മഹാകവി വള്ളത്തോളുമായുണ്ടായ ഹൃദയസ്പർശിയായ അനുഭവങ്ങൾ വിദ്യാർത്ഥികളോട് പങ്കുവച്ച് കലാമണ്ഡലം ഗോപിയാശാൻ. കേരള കലാമണ്ഡലത്തിന്റെ നവതിയാഘോഷ വേളയിൽ വിദ്യാർത്ഥികളോട് മനസ് തുറക്കുകയായിരുന്നു കലാമണ്ഡലം ഗോപി.

വള്ളത്തോൾ നാരായണമേനോൻ വിദ്യാർത്ഥികളോട് കാണിച്ചിരുന്ന സ്‌നേഹവാത്സല്യം, അവർക്കൊരുക്കിയ ഭക്ഷണ - താമസ സൗകര്യം, വള്ളത്തോളിന്റെ കലാമണ്ഡല ജീവിതം, കലാവീക്ഷണം, കലയിലൂടെ നടത്തിയ നവോത്ഥാനശ്രമം എന്നീ കാര്യങ്ങളെല്ലാം ഗോപിയാശാൻ സ്മരിച്ചു. നവതി പ്രതീക്ഷകളും, കർമ്മ പരിപാടികളും കലാമണ്ഡലം ഗോപി വിശദീകരിച്ചു.

ഒരു വർഷം നീളുന്ന കർമ്മ പരിപാടികളുടെ ഭാഗമായി ഈ വർഷം താമസം, ഭക്ഷണം, യാത്രാബത്ത എന്നിവ ഏർപ്പാടാക്കുന്ന കലാസ്വാദക സംഘങ്ങൾ, സ്‌കൂൾ, കോളേജ് എന്നിവയ്ക്കായി സോദാഹരണ പ്രഭാഷണങ്ങൾ, ഹസ്വ സമയകഥകളി അവതരണങ്ങൾ, എന്നിവ പ്രതിഫലമില്ലാതെ കലാമണ്ഡലം നടത്തിക്കൊടുക്കുമെന്നും ഭരണസമിതി അംഗവും, പ്രശസ്ത കഥകളി നടനുമായ കലാമണ്ഡലം ഗോപി അറിയിച്ചു.