ഇരിങ്ങാലക്കുട : തിരഞ്ഞെടുപ്പുകളിൽ പാർട്ടി അധിഷ്ഠിതമല്ല, മറിച്ച് പ്രശ്‌നാധിഷ്ഠിത പിന്തുണയാണ് സഭ നൽകുകയെന്ന് ഇരിങ്ങാലക്കുട രൂപത രാഷ്ട്രീയകാര്യ കമ്മിറ്റി. ക്രൈസ്തവരെ ആസൂത്രിതമായി ഒറ്റപ്പെടുത്തുകയും തകർക്കുകയുമാണ് ചില ശക്തികളും കേന്ദ്രങ്ങളും. സഹായിക്കുമെന്ന്, ഭരണഘടന അനുസരിച്ച് വളർത്തുമെന്ന് പരമ്പരാഗതമായി കരുതിയിരുന്ന രാഷ്ട്രീയ പാർട്ടികൾ ചില സമുദായങ്ങളെ മാത്രം പ്രീണിപ്പിക്കുന്ന സമീപനവുമായി മുന്നോട്ടു പോകുന്നു. വർഗീയതയും നിരീശ്വരത്വവും വോട്ടു ബാങ്ക് ആക്കി മാറ്റുന്നതിനെ സഭ ശക്തമായി എതിർക്കുന്നു. അതേസമയം സഭയുടെ ധാർമിക നിലപാടുകളോട് ചേർന്നു പോകുന്നവരെ പ്രോത്സാഹിപ്പിക്കും.
ക്രൈസ്തവരുടെ പിന്നാക്ക അവസ്ഥ പഠിക്കാൻ സംസ്ഥാനതല കമ്മിഷനെ നിയമിച്ച ഇടതുപക്ഷ നിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ഒരു മതസമൂഹത്തിനായി അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നും സമിതി വിലയിരുത്തുന്നു. സാമ്പത്തിക സംവരണം 2020 ജനുവരി മൂന്ന് മുതലുള്ള മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണം. ഭൂമിയുടെ അളവിൽ കേന്ദ്ര മാനദണ്ഡം പിന്തുടരുക, അദ്ധ്യാപക നിയമനത്തിലെ ന്യൂനതകൾ പരിഹരിക്കാൻ എടുത്ത നടപടികൾ നൽകിയ ഉറപ്പുകൾ പ്രകാരം പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും കമ്മിറ്റി മുന്നോട്ടുവച്ചു.
711 പേർക്ക് കൊവിഡ്
തൃശൂർ: 1088 പേർ രോഗമുക്തരായപ്പോൾ 711 പേർക്ക് കൊവിഡ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9058 ആണ്. തൃശൂർ സ്വദേശികളായ 106 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47,614 ആണ്.
38,202 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 685 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 8 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 12 പേർക്കും, രോഗ ഉറവിടം അറിയാത്ത 6 പേർക്കും രോഗബാധ ഉണ്ടായി. രോഗബാധിതരിൽ 60 വയസിന് മുകളിൽ 56 പുരുഷന്മാരും 57 സ്ത്രീകളും പത്ത് വയസിന് താഴെ 14 ആൺകുട്ടികളും 19 പെൺകുട്ടികളുമുണ്ട്.