joseph
പി.ജെ.ജോസഫ് എം.എൽ.എ നാനോ പ്ലാവ് നട്ടുപിടിപ്പിക്കുന്നു

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് ചൂട് പിടിക്കുമ്പോൾ, നിയമസഭാപ്രവേശന സുവർണജൂബിലിയുടെ ഓർമ്മയ്ക്കായി രണ്ട് ഇഞ്ച് നീളമുള്ള ഇലയോടു കൂടിയ നാനോ പ്‌ളാവ് നട്ടുപിടിപ്പിച്ചും ചക്ക പറിച്ച് കഴിച്ചും കൃഷിയറിവ് പകർന്നും ഒരു പാർട്ടിപ്രവർത്തകന്റെ പ്‌ളാവിൻ തോട്ടത്തിലായിരുന്നു കേരളകോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് എം.എൽ.എ.

കുറുമാൽകുന്നിൽ വർഗീസ് തരകന്റെ തോട്ടത്തിലാണ് പി.ജെ. ജോസഫ് സന്ദർശനം നടത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് കായ്ക്കുന്ന പ്‌ളാവുകളുള്ള തോട്ടം മുഴുവൻ നടന്നു കണ്ടു. രാഷ്ട്രീയമായിരുന്നില്ല, പ്‌ളാവ് നൽകുന്ന ജലസമൃദ്ധിയെക്കുറിച്ചുളള അറിവുകളായിരുന്നു ജോസഫ് എല്ലാവരുമായി പങ്കിട്ടത്. വരൾച്ച ഒഴിവാക്കാൻ പ്‌ളാവുകൾക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊടുപുഴയിൽ ഇതുപോലെ പ്‌ളാവിൻതോട്ടം ഒരുക്കണമെന്നാണ് ജോസഫിന്റെ ആഗ്രഹം. പ്ലാവുകൾക്ക് തീരെ ഉയരം കുറവായതിനാൽ താഴെ നിന്നു തന്നെ ചക്ക പറിച്ചെടുത്ത്, അത് മുറിച്ച് രുചിനോക്കിയശേഷമാണ് ജോസഫ് മടങ്ങിയത്. തോമസ് ഉണ്ണിയാടൻ, സി.വി. കുര്യാക്കോസ്, എം.പി. പോളി, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ഇട്ട്യേച്ചൻ തരകൻ തുടങ്ങിയവരും ഉണ്ടായിരുന്നു.