മാള: പനമ്പിള്ളി ഗോവിന്ദ മേനോന്റെ പ്രസംഗത്തിൽ ആകൃഷ്ടനായി കളത്തിലിറങ്ങിയ വർഗീസ് കാച്ചപ്പിള്ളി 42 വർഷത്തെ തോൽവിയറിയാ ജനപ്രതിനിധിയായി തിരഞ്ഞെടുപ്പ് രംഗം വിടുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ സീനിയർ അംഗമായിരുന്നു. 78 കാരനായ കോൺഗ്രസ് നേതാവ് വർഗീസ് കാച്ചപ്പിള്ളി 1952 ൽ സ്വദേശമായ പാലിശേരിയിൽ വച്ച് പനമ്പിള്ളിയുടെ പ്രസംഗം കേട്ടാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. രാഷ്ട്രീയ ഗുരുവായി കാണുന്നത് ഇന്നും പനമ്പിള്ളിയെ തന്നെ. 1979 ലാണ് ആദ്യമായി ജനപ്രതിനിധിയാകുന്നത്. ഏത് വാർഡിൽ മത്സരിച്ചാലും അനായാസം വിജയിച്ചുകയറുന്ന കാച്ചപ്പിള്ളിക്ക് ലീഡർ കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എ വിഭാഗക്കാരനായിരുന്നതിനാൽ പലപ്പോഴും അധികാര സ്ഥാനങ്ങളിലേക്ക് പരിഗണന ലഭിച്ചിരുന്നില്ല. അന്നമനട പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഇപ്പോഴത്തെ മാള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ ആദ്യ മൂന്ന് വർഷം പ്രസിഡന്റ് സ്ഥാനം എന്നിവ വഹിച്ചിട്ടുണ്ട്. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ മാള കെ. കരുണാകരൻ സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അഞ്ച് യന്ത്രങ്ങളുടെ ഡയാലിസിസ് യൂണിറ്റ് തുടങ്ങി. നിരവധി എതിർപ്പുകളെ മറികടന്നാണ് ഇതിന്റെ ഉദ്‌ഘാടനത്തിന് ഉമ്മൻ ചാണ്ടിയെ കൊണ്ടുവന്നത്. മുതിർന്ന ത്രിതല പഞ്ചായത്ത് ജനപ്രതിനിധിയെന്ന നിലയിൽ പഞ്ചായത്ത് അസോസിയേഷൻ ആദരിച്ചിരുന്നു. 2019 ൽ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിൽ പ്രത്യേക പ്രതിനിധിയായി പങ്കെടുത്തു. ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്വയം പിന്മാറുമ്പോഴും സ്വന്തം പഞ്ചായത്തിൽ ഒരിക്കൽ പോലും ഭരണത്തിന് നേതൃത്വം നൽകാനായില്ലെന്ന സ്വകാര്യദുഃഖം കാച്ചപ്പിള്ളി മറച്ചുവയ്ക്കുന്നില്ല.