krishi

മാള: കൃഷി ഓഫീസർമാർക്ക് കൊവിഡ് ഡ്യൂട്ടി നൽകിയതോടെ കൃഷി ഭവൻ വഴി ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയത്ത് ലഭിക്കില്ലെന്ന ആശങ്കയിൽ കർഷകർ. പല കൃഷി ഓഫീസർമാർക്കും മറ്റു സ്ഥലങ്ങളിലാണ് ചുമതല. സെക്ടറൽ മജിസ്‌ട്രേറ്റിന്റെ ചുമതലയാണ് മറ്റു സ്ഥലങ്ങളിൽ നൽകിയിട്ടുള്ളത്. കൃഷിയിറക്കുന്ന അവസരത്തിൽ ലഭിക്കേണ്ട ആനുകൂല്യം ലഭിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾക്ക് തടസം നേരിടുമെന്നാണ് കർഷകരുടെ ആക്ഷേപം. ഭക്ഷ്യവിപ്ളവം സൃഷ്ടിക്കാൻ സുഭിക്ഷ കേരളം ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ച അവസരത്തിൽ ഇത്തരം നീക്കങ്ങൾ പദ്ധതികളെ പിന്നോട്ടടിപ്പിക്കുമെന്ന ആശങ്കയുമുണ്ട്.

ഇപ്പോൾ നടക്കുന്ന മുണ്ടകൻ കൃഷിയുടെയും നെല്ലുസംഭരണത്തിന്റെയും ആസന്നമായ പുഞ്ചയുടെയും ആനുകൂല്യങ്ങൾ കർഷകർക്ക് ലഭിക്കണമെങ്കിൽ ഓൺലൈൻ വെരിഫിക്കേഷൻ കൃഷി ഓഫീസർ നടത്തണം. കൃഷി ഓഫീസർ കൃത്യമായി ഓഫീസിലെത്താതാകുന്നതോടെ കർഷകർ കൂടുതൽ തവണ കൃഷിഭവനിൽ കയറി ഇറങ്ങേണ്ടിവരും. അതിനിടയിൽ കൃഷി സംബന്ധിച്ച പഞ്ചായത്തുകളിലെ നിർവഹണ ചുമതലകളും അവതാളത്തിലാകുമെന്ന് കൃഷി ഓഫീസർമാർക്കും ആശങ്കയുണ്ട്.

കൃഷി ഓഫീസറുടെ ചുമതലകൾ

നെൽക്കർഷകർക്കുള്ള കൃഷി വകുപ്പിൻ്റെ റോയൽറ്റി, ജാതിക്കൃഷി, നെൽക്കൃഷി, പച്ചക്കറി, തരിശ് സ്ഥലത്തെ കൃഷി, ഇടവിളക്കൃഷി, വീട്ടുവളപ്പിലെ വിവിധ കൃഷികൾ, ഇഞ്ചി, മഞ്ഞൾ, വാഴ തുടങ്ങിയവയ്ക്കുള്ള സബ്സിഡി വിതരണം എന്നിവയ്ക്ക് കൃഷി ഓഫീസറുടെ അനുമതി ആവശ്യമാണ്. ഓൺലൈൻ അപേക്ഷകളിൽ കൃഷിയിടം സന്ദർശിച്ച് പരിശോധനയും നടക്കുന്നുണ്ട്

"കേരളമൊട്ടാകെയുള്ള നെൽക്കൃഷിയെയും ഭക്ഷ്യ സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്ന വിഷയമാണിത്. ഇക്കാര്യത്തിൽ യുക്തമായ നടപടിയെടുക്കണം

ടോം കിരൺ, ചാർളി ലാസർ

കർഷകർ