ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കിനോട് അനുബന്ധിച്ച് ഇന്നലെ അയ്യപ്പ ഭജന സംഘത്തിന്റെ വക ചുറ്റുവിളക്ക് നടന്നു. ക്ഷേത്രം നാലമ്പലത്തിനകത്ത് നെയ് വിളക്ക് തെളിക്കൽ, അയപ്പന് നിറമാല എന്നിവയും ഉണ്ടായി. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്ക നാഗസ്വരം അകമ്പടിയായി. അയ്യപ്പ ഭജന സംഘത്തിന്റെ വിളക്ക് നടക്കുന്ന ദിവസങ്ങളിൽ ക്ഷേത്രത്തിലും പ്രദക്ഷിണ വീഥികളിലും ലക്ഷം ദീപം പ്രഭ ചൊരിയുക പതിവുള്ളതാണ്. എന്നാൽ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് ദീപങ്ങൾ തെളിയിക്കുന്നത് ഒഴിവാക്കുകയായിരുന്നു. കൊവിഡിനെ തുടർന്ന് ഈ വർഷം ഏകാദശി വിളക്കാഘോഷം ഒഴിവാക്കി ചടങ്ങുമാത്രമായാണ് വിളക്ക് നടത്തി വരുന്നത്. ക്ഷേത്രത്തിൽ ഇന്ന് തൃശൂർ സ്വദേശി പി.ജി. ബാലന്റെ വകയാണ് ചുറ്റുവിളക്ക്.