ചാലക്കുടി: അതിരപ്പിള്ളി റോഡിലെ എലിഞ്ഞിപ്ര ജംഗ്ഷനിൽ സ്ഥാപിക്കുന്ന കോൺവെക്‌സ് റിഫ്‌ളക്ടറുകൾക്ക് ആയുസില്ല. രണ്ടാം തവണയാണ് ഇവിടുത്തെ കണ്ണാടികൾ എറിഞ്ഞുടയ്ക്കുന്നത്. ഇപ്പോൾ ഒരു വർഷമായിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. തിരക്കേറിയ മൂന്നു റോഡുകളുടെ സംഗമ കേന്ദ്രമായ എലിഞ്ഞിപ്രയിൽ കോൺവെക്‌സ് റിഫ്‌ളക്ടർ സ്ഥാപിച്ചപ്പോൾ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ഇതിനകം ഇവിടെ നടന്ന നിരവധി അപകടങ്ങളുടെ പശ്ചാത്തലത്തിൽ നാട്ടുകാരും പഞ്ചായത്തിന്റെ പ്രവർത്തനത്തെ പ്രശംസിച്ചു. എന്നാൽ ഏറെ വൈകാതെ ഏതോ സാമൂഹിക ദ്രോഹിയുടെ കല്ലേറിൽ കണ്ണാടി നിലംപൊത്തി. മാസങ്ങൾക്കു ശേഷം വീണ്ടും സ്ഥാപിച്ചെങ്കിലും ഇതിനും ഏറെ ആയുസുണ്ടായില്ല. ഒരുനാൾ പുതിയ കണ്ണാടിയും നശിപ്പിക്കപ്പെട്ടു. പിന്നീടിത് മാറ്റി സ്ഥാപിക്കാനും ആരും തുനിഞ്ഞില്ല. എലിഞ്ഞിപ്രയിൽ അപകടങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്ന സുരക്ഷാ കണ്ണാടികൾ സ്ഥാപിച്ചാലും ഇനി അവ എന്ന് സുരക്ഷിതമാകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.