ചാവക്കാട്: ചാവക്കാട് ചേറ്റുവ ദേശീയപാതയിൽ കോൾഡ് മില്ലിംഗ് യന്ത്രസഹായത്തോടെ റോഡ് പണി ആരംഭിച്ചു. റോഡ് തകർന്ന് ഗതാഗതം സഞ്ചാരയോഗ്യമല്ലാതായതിനെ തുടർന്ന് ഏറെ പ്രതിഷേധവും, പരാതികളും ഉണ്ടായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കൗമുദി വാർത്ത നൽകിയിരുന്നു.
ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ മുതൽ ട്രാഫിക് ഐലൻഡ് വരെയുള്ള ഭാഗത്താണ് ടാറിടുന്നതുൾപ്പെടെയുള്ള ജോലികൾ ആരംഭിച്ചത്. മണത്തല മുതൽ തളിക്കുളം വരെയുള്ള ഭാഗത്താണ് പൂർണമായും ടാറിംഗ് നടത്തുന്നത്. ദേശീയപാതയിൽ വ്യാപകമായി റോഡ് തകരുന്നത് തടയിടാൻ കോൾഡ് മില്ലിംഗ് യന്ത്രസഹായത്തോടെയുള്ള നിർമ്മാണത്തിന് കഴിയുമെന്നാണ് കരുതുന്നത്.
എല്ലാ മഴക്കാലത്തും റോഡ് തകരുകയും ഇതിലൂടെയുള്ള യാത്ര ദുഷ്കരവുമാകാറുണ്ട്. നാല് വർഷത്തിനിടെ പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും മാസങ്ങൾക്കകം തന്നെ തകരുന്നതും പതിവായിരുന്നു.