കയ്പമംഗലം: കയ്പമംഗലം പഞ്ചായത്തിലെ 2, 3, 14, 17, 19 എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ തുടരുന്ന 6, 7 വാർഡുകളിലെ ഹൈവേയിലെ കടകളടക്കം കാളമുറി സെന്ററിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രർത്തിക്കാനുള്ള അനുമതിയും നൽകി.

കഴിഞ്ഞ ഒരു മാസത്തോളമായി കണ്ടെയ്ൻമെന്റ് സോണിൽ തുടരുന്ന വ്യാപാരികൾ ആശങ്കയിലായിരുന്നു. കയ്പമംഗലം കാളമുറിയിലെ നൂറോളം വ്യാപാരികളാണ് തുടർച്ചയായ നാലാം ആഴ്ചയിലും തുറക്കാനാവാതെ ദുരിതത്തിൽ കഴിയുന്നത്. കൊവിഡ് വ്യാപനം ജില്ലയിൽ ഏറ്റവും കൂടിയതിനെ തുടർന്ന് കയ്പമംഗലം പഞ്ചായത്തിനെ പത്ത് ദിവസത്തോളം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ കാളമുറി സെന്റർ ഉൾപ്പെടുന്ന 17 ാം വാർഡിൽ കൊവിഡ് രോഗികൾ കൂടിയതിനെ തുടർന്ന് നേരത്തെ തന്നെ കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു. ഏകദേശം ഒരു മാസത്തോളമായി കയ്പമംഗലം പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ കാളമുറി സെന്റർ അടഞ്ഞു കിടക്കുകയാണ്.

ഇതുമൂലം ഒട്ടു മിക്ക വ്യാപാരികളും സാമ്പത്തികമായ പ്രതിസന്ധി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഒരു മാസത്തെ വാടകയും കൊടുക്കാൻ നിർബന്ധിതരായി. കാളമുറിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഏത്രയും പെട്ടെന്നു തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനും, ജില്ലാ കളക്ടർക്കും വ്യാപാരി വ്യവസായി ഏകോപന സമിതി കയ്പമംഗലം നിയോജകമണ്ഡലം ചെയർമാൻ പി. പവിത്രൻ നിവേദനം സമർപ്പിച്ചിരുന്നു. കൊവിഡിന്റെ മറവിൽ വ്യാപാരികളെ ദ്രോഹിക്കരുതെന്ന് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ തൈവളപ്പിൽ ആവശ്യപെട്ടു.

കഴിഞ്ഞ ഒന്നരമാസമായി കയ്പമംഗലത്തെ വ്യാപാരികൾ മുഴു പട്ടിണിയിലാണെന്നും ഇവരെ സഹായിക്കാൻ ഭരണവർഗ്ഗം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു