trissur

ബിജെപിയുടെ പൂർണ ലിസ്റ്റ് നാളെ

തൃശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ എൽ.ഡി. എഫ്, യു. ഡി. എഫ് സ്ഥാനാർഥി പ്രഖ്യാപനം നീളുന്നു. ഇരുവരും ഇന്നലെ ആദ്യ പട്ടിക പ്രഖ്യാപിക്കും എന്നാണ് നേതാക്കൾ നൽകിയ സൂചനയെങ്കിലും ഇന്നും പ്രഖ്യാപനം ഉണ്ടാകില്ല എന്നാണ് നിലവിൽ അറിയുന്നത്. ചില സീറ്റുകളിൽ ഉണ്ടായ തർക്കങ്ങളാണ് പട്ടിക പ്രഖ്യാപനം നീട്ടുന്നത്.

സി.പി.എം നാളെ പറയും

സി.പി.എം സ്ഥാനാർഥികളെ നാളെ അറിയാം എന്നാണ് ജില്ലാ നേതാക്കൾ പറയുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. കെ. ഷാജനെ മേയർ സ്ഥാനാർഥിയാക്കിയുള്ള പട്ടികയാണ് സി.പി.എം തയ്യാറാക്കുന്നതെന്നറിയുന്നു. നിലവിലെ കൗൺസിലിലെ പകുതിയിലേറെ പേർക്ക് ഇത്തവണ സീറ്റ്‌ ലഭിച്ചേക്കില്ല. സംവരണവും ജനറൽ സീറ്റുകളും ആയതോടെ പലർക്കും മാറേണ്ടി വരും. അതിനു പുറമെ മോശം പ്രകടനവും പുതിയ ആളുകളെ കണ്ടെത്താൻ നേതൃത്വത്തെ പ്രേരിപ്പിക്കുന്നുണ്ട്. അതേസമയം,​ മുൻ കൗൺസിലുകളിൽ ഉണ്ടായിരുന്നവരും പട്ടികയിൽ ഉണ്ടെന്നാണ് വിവരം.

കോൺഗ്രസിൽ ചർച്ചകൾ നീളുന്നു

കോൺഗ്രസിൽ സീറ്റ്‌ മോഹികളുടെ എണ്ണം കൂടിയതോടെ മാരത്തോൺ ചർച്ചകൾ ആണ് നടക്കുന്നത്. ചില ഡിവിഷണുകളിൽ പത്തു പേർ വരെ രംഗത്തുണ്ട്. പരമാവധി സ്വന്തം ഡിവിഷനിൽ മത്സരിക്കണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച ഡി.സി.സി കും അത് തലവേദന ആയിട്ടുണ്ട്. ഡിവിഷൻ മാറി എത്തുന്നവരെ സ്വീകരിക്കണമോ എന്ന് അതാത് ഡിവിഷൻ കമ്മിറ്റി അംഗീകരിക്കണം. ഇത് പല സ്ഥലത്തും തർക്കങ്ങൾക്ക് ഇടയാക്കുന്നു. ഇന്നലെ രാത്രിയും കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഏതാനും സീറ്റുകളിൽ മാത്രമാണ് ചില തർക്കങ്ങൾ നില നിൽക്കുന്നത് എന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. കോൺഗ്രസ്‌ ഘടക കക്ഷിയായ ലീഗിന്റെ സ്ഥാനാർഥികൾ ആരെന്നത് സംബന്ധിച്ചു ഏകദേശ ധാരണ ആയിട്ടുണ്ട്.

ബി.ജെ.പി പൂർണ ലിസ്റ്റ് നാളെ

ഇന്നലെ എൻ.ഡി.എയിലെ പ്രധാന കക്ഷിയായ ബി.ജെ.പി 36 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള ഡിവിഷനുകളിൽ നാളെയോടെ പ്രഖ്യാപനം പൂർത്തിയാക്കാനാണ് സാധ്യത. എന്നാൽ പാർട്ടിക്കുള്ളിലും ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സിറ്റിംഗ് സീറ്റുകളായ കോട്ടപ്പുറത്തും കുട്ടൻകുളങ്ങരയിലും ഇന്നലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ സാധിച്ചില്ല. കോട്ടപ്പുറം പട്ടികജാതി സംവരണം ആണ്. അവിടേക്ക് മഹിളാ മോർച്ച നേതാവിനെ പരിഗണിച്ചെങ്കിലും അവസാന നിമിഷം പ്രഖ്യാപിക്കാതെ മാറ്റി വെക്കുക ആയിരുന്നു. കുട്ടൻകുളങ്ങരയിലും തർക്കങ്ങൾ ഉണ്ടെന്നാണ് വിവരം.