തൃശൂർ: ഭാരതീയ ചികിത്സാ വകുപ്പിന്റെ അമൃതം പദ്ധതി പ്രകാരം, ക്വാറന്റൈനിലായിരിക്കെ ആയുർവേദ മരുന്ന് കഴിച്ച 1,01,218 പേരിൽ കൊവിഡ് ബാധിതരായത് 342 പേർ (0.342 ശതമാനം) മാത്രമെന്ന പഠന-ഗവേഷണ റിപ്പോർട്ട് രണ്ടുമാസത്തോളമായി ഫയലിൽ തന്നെ.
അഞ്ചുകോടിയിലേറെ രൂപ പദ്ധതിക്ക് അനുവദിച്ചിരുന്നു. മരുന്ന് കഴിച്ച എത്രപേർക്ക് കൊവിഡ് ബാധിച്ചുവെന്നും മരണം സംഭവിച്ചുവെന്നും അടക്കമുള്ള നാലുമാസക്കാലത്തെ പഠന, ഗവേഷണ റിപ്പോർട്ട് സെപ്തംബർ 18നാണ് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചത്. ഇത് ജനങ്ങളെ അറിയിക്കാനോ തുടർ നടപടികളിലേക്ക് കടക്കാനോ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.
പഠനഫലം അന്തർദ്ദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിക്കാനുള്ള അനുമതി തേടിയിരുന്നു. രാജ്യാന്തര തലത്തിൽ ആധികാരികത വരണമെങ്കിൽ പഠനഗവേഷണ ഫലങ്ങൾ പുറത്തുവരണം.
നാലുലക്ഷത്തോളം പേർ മരുന്ന് ഉപയോഗിച്ചു. ആയുർവേദ മരുന്ന് നൽകിയ ശേഷം പോസിറ്റീവായവരിൽ വിശദപഠനം നടത്തിയിരുന്നു. ഏതൊക്കെ ലക്ഷണങ്ങളാണ് കൂടുതലുള്ളതെന്നും എത്ര ദിവസത്തിനുള്ളിൽ നെഗറ്റീവായി എന്നുമുള്ള വിവരങ്ങളാണ് ശേഖരിച്ചത്. വിശദാംശങ്ങൾ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
3,73,642 പേർക്ക് മരുന്ന് നൽകി (ഒക്ടോ. 31 വരെ)
1206 ക്ലിനിക്കുകൾ വഴി വിതരണം ചെയ്തു
പിന്നിൽ ഗൂഢതാത്പര്യങ്ങൾ
അമൃതം ചികിത്സാപദ്ധതിയുടെ പഠനഗവേഷണ റിപ്പോർട്ട് പുറത്തുവിടാത്തതിന് പിന്നിൽ അലോപ്പതി മേഖലയിലെ സംഘടനകളുടെ ഗൂഢതാത്പര്യങ്ങളാണ്. ആയുർവേദ ചികിത്സയ്ക്ക് അനുമതി നിഷേധിച്ച് സർക്കുലർ പുറപ്പെടുവിച്ച ആയുഷ് സെക്രട്ടറിയെ നീക്കണം. കൊവിഡ് ചികിത്സയിൽ ആയുർവേദത്തെ ഉൾപ്പെടുത്തിയ കേന്ദ്രതീരുമാനത്തിന് അനുസൃതമായി ഇവിടെയും നടപടി സ്വീകരിക്കണം.
- ഡോ. രാജുതോമസ്,
സംസ്ഥാന പ്രസിഡന്റ്, എ.എം.എ.ഐ
എ.എം.എ.ഐ ഹൈക്കോടതിയിൽ
ആയുർവേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) ഡോക്ടർമാർ കൊവിഡിന് മരുന്നുകൾ നിർദ്ദേശിക്കുന്നത് തടയുന്ന സംസ്ഥാന സർക്കാരിന്റെ സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ. ഐ) ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി അടുത്ത ദിവസം പരിഗണിക്കും.