തൃശൂർ: എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റെ ഭാര്യയും തൃശൂർ കോർപറേഷൻ മുൻ മേയറുമായ ഡോ. ആർ. ബിന്ദുവിനെ ശ്രീ കേരളവർമ്മ കോളേജ് വൈസ് പ്രിൻസിപ്പലാക്കിയതിനെച്ചൊല്ലി വിവാദം. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജിൽ ചട്ടംമറികടന്ന് പ്രത്യേകം തസ്തിക സൃഷ്ടിച്ചാണ് നിയമനമെന്നാണ് ആക്ഷേപം.
പകുതിയിലേറെ ചുമതലകൾ വൈസ് പ്രിൻസിപ്പലിന് നൽകുന്നതുവഴി പരീക്ഷയുടെയും കോളേജിന്റേയും നടത്തിപ്പ് മാത്രമായി പ്രിൻസിപ്പലിന്റെ പദവി ചുരുങ്ങിയെന്നും പറയുന്നു. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ആർ. ബിന്ദുവിനെ കഴിഞ്ഞ 30 നാണ് വൈസ് പ്രിൻസിപ്പലായി നിയമിച്ച് ഉത്തരവിറങ്ങിയത്.
നിലവിലുളളതിന് പുറമേ, ഭരണസമിതി നിശ്ചയിക്കുന്ന ചുമതലകളും നിർവഹിക്കണമെന്നാണ് ഉത്തരവ്. അക്കാഡമിക്, വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, കോളേജ് അക്രഡിറ്റേഷൻ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും സംയുക്തമായി നിർവഹിക്കണം. കോളേജിൽ കിഫ്ബി, ഡെവലപ്‌മെന്റ് ഫോറം, പി.ടി.എ. എന്നിവയുടെ സഹായത്തോടെ നടപ്പിൽ വരുത്തുന്ന വികസന പ്രവർത്തനങ്ങളുടെയും എൻ.ഐ.ആർ.എഫ്, നാക് തുടങ്ങിയ അക്രഡിറ്റേഷൻ പ്രവർത്തനങ്ങളുടെയും സ്വതന്ത്ര ചുമതലകൾ കൂടി വൈസ് പ്രിൻസിപ്പലിന് നൽകിയിട്ടുണ്ട്. വൈസ് പ്രിൻസിപ്പലായി ഡാേ. ബിന്ദു ഇന്നലെ ചുമതലയേറ്റു.
'വൈസ് പ്രിൻസിപ്പലായി എന്നെ നിയമിച്ചതിൽ ചട്ടലംഘനമൊന്നുമില്ല. എ.വിജയരാഘവന്റെ ഭാര്യയായതുകൊണ്ടാണ് വിവാദമായത്. യു.ജി.സിയുടെ 2018 റെഗുലേഷൻസിലുള്ളതാണ്. 2020 ഫെബ്രുവരിയിൽ കലിക്കറ്റ് യൂണിവേഴ്‌സിറ്റിയും അംഗീകരിച്ചിട്ടുണ്ട്. മിക്കവാറും ക്രിസ്ത്യൻ കോളേജുകൾ നേരത്തേ നടപ്പാക്കിയിരുന്നു. ചില സർക്കാർ കോളേജുകളിലും ചെയ്തിട്ടുണ്ട്. പ്രിൻസിപ്പൽ കഴിഞ്ഞാൽ സീനിയോറിറ്റിയുള്ളയാൾ ഞാനാണ്. നാല് അസോസിയേറ്റ് പ്രൊഫസർമാരിൽ ഡോക്ടറേറ്റുളളതും എനിക്കാണ്. കോളേജിലെ വികസന പ്രവർത്തനങ്ങൾ കുറെക്കൂടി നന്നായി നടക്കുമെന്ന് കരുതി തൊഴിൽ വിഭജനമാണ് കൊച്ചിൻ ദേവസ്വം ബോർഡ് നടത്തിയത്.''
- ഡോ. ആർ. ബിന്ദു