ayurvedam

തൃശൂർ: കൊവിഡ് വ്യാപനകാലത്ത് ക്വാറന്റൈനിലിരിക്കെ ജില്ലയിൽ ആയുർവേദമരുന്ന് കഴിച്ചവർ അരലക്ഷം കവിഞ്ഞു; രോഗവിമുക്തരായ ശേഷം ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ മരുന്ന് കഴിക്കുന്നവർ 5000 ലേറെയും. കഴിഞ്ഞ മാസം 31 വരെയുളള ആറ് മാസക്കാലയളവിലെ കണക്കാണിത്. ക്വാറന്റൈനിലിരിക്കെ മരുന്ന് കഴിച്ചവരിൽ രോഗലക്ഷണങ്ങൾ താരതമ്യേന കുറവായിരുന്നുവെന്നാണ് പ്രാഥമിക പരിശോധന വ്യക്തമാക്കുന്നതെന്നാണ് ഭാരതീയ ചികിത്സാ വകുപ്പിന്റെ നിഗമനം.

അമൃതം പദ്ധതി വഴി ഡിസ്‌പെൻസറികളിലൂടെയും ആശുപത്രികളിലൂടെയുമാണ് മരുന്ന് വിതരണം തുടരുന്നത്. പുനർജ്ജനി പദ്ധതി വഴിയാണ് രോഗമുക്തർക്ക് മരുന്ന് നൽകുന്നത്. ഇവരിലും ശ്വാസതടസം അടക്കമുള്ള കൊവിഡാനന്തര രോഗങ്ങൾ വലിയ അളവിൽ കുറഞ്ഞുവെന്നും പറയുന്നു.

60വയസിന് താഴെയുള്ളവർക്കും കുട്ടികൾക്കുമായി സ്വാസ്ഥ്യം പദ്ധതിയും 60 കഴിഞ്ഞവർക്ക് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താനുള്ള സുഖായുഷ്യം പദ്ധതിയും സജീവമാണ്.

മാനസികസമ്മർദ്ദം ഒഴിവാക്കുന്നതിനുള്ള ടെലികൗൺസലിംഗ് സംവിധാനം ഒമ്പത് മാസം പിന്നിട്ടു. ഇന്ത്യയിലെ ആദ്യ കൊവിഡ് രോഗം തൃശൂരിൽ സ്ഥിരീകരിച്ചപ്പോൾ തന്നെ ഭാരതീയ ചികിത്സാവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെയും മറ്റും ക്യാമ്പുകളിൽ അണുനാശകപ്രവർത്തനങ്ങളുടെ ഭാഗമായി അപരാജിതധൂപചൂർണം ഉപയോഗിച്ച് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളും ശ്രദ്ധേയമായി. ഇതിന്റെ പഠനഗവേഷണ റിപ്പോർട്ട് കളക്ടർക്ക് കൈമാറിയിരുന്നു.

നാല് തരം ആരോഗ്യസുരക്ഷാപദ്ധതികൾ:


സ്വാസ്ഥ്യം ........................29998(തൃശൂർ)...............517316(സംസ്ഥാനതലം)
സുഖായുഷ്യം.....................17273 ...........................341499
അമൃതം ...........................58944............................373642
പുനർജനി .......................4790..............................19853

രോഗപ്രതിരോധത്തിന് ആയുർവേദവിധി:

'' അമൃതം പദ്ധതി വളരെ ശ്രദ്ധേയമായിരുന്നു. കൊവിഡ് രോഗമുക്തി നേടിയിട്ടും ചിലർക്ക് അനുബന്ധ രോഗങ്ങൾ കാരണം മരണം വരെ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് പുനർജ്ജനി പദ്ധതിയിലും കൂടുതൽ ശ്രദ്ധപുലർത്തും. ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ആയുർവേദത്തിന്റെ ആശയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രഭാഷണങ്ങളും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്‌സരവും പഞ്ചായത്ത് തലത്തിൽ വിവിധ പരിപാടികളും നടത്തുന്നുണ്ട്. ''

- ഡോ. പി.ആർ. സലജകുമാരി, ഡി.എം.ഒ, ഭാരതീയ ചികിത്സാ വകുപ്പ്.