valsaraj
കെ.കെ.വത്സരാജ് (സി.പി.ഐ ജില്ലാ സെക്രട്ടറി)

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്. കഴിഞ്ഞ തവണ ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിലും ഭൂരിഭാഗം നഗരസഭകളിലും കോർപറേഷനിലും ഭരണം ലഭിച്ച എൽ.ഡി.എഫ് തിളക്കമാർന്ന പ്രവർത്തനമാണ് കാഴ്ച വച്ചത്.

വികസനത്തിന് ഊന്നൽ നൽകി ജനക്ഷേമകരമായ പ്രവർത്തനം എല്ലാ ഭരണ സമിതികളും നിർവഹിച്ചു. അതോടൊപ്പം എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തന മികവും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നു. ജനങ്ങളുടെ അടിസ്ഥാന വികസനത്തിന് എൽ.ഡി.എഫ് ഭരണ സമിതികൾ നല്ല പരിഗണനയാണ് നൽകിയത്. ഇതിനുള്ള അംഗീകാരം കൂടി വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിക്കും.

സി.പി.ഐയെ സംബന്ധിച്ച് കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 450 ഓളം സീറ്റുകളിൽ മത്സരിച്ച സി.പി.ഐക്ക് 202 ജനപ്രതിനിധികളെ വിജയിപ്പിക്കാൻ കഴിഞ്ഞു. ഇത്തവണയും അത്രത്തോളം സീറ്റുകളിൽ പാർട്ടി മത്സരിക്കുന്നുണ്ട്. ചില സീറ്റുകളിൽ മറ്റ് ഘടകകക്ഷികളുടെ താത്പര്യങ്ങൾ കൂടി കണക്കിലെടുത്ത് തങ്ങൾ മത്സരിച്ച സീറ്റുകൾ വിട്ടുകൊടുത്തിട്ടുണ്ട്. മുന്നണി സംവിധാനത്തിന്റെ കെട്ടുറപ്പിന് വേണ്ടിയുള്ള വിട്ടുവീഴ്ചകളായാണ് നേതൃത്വം ഇതിനെ കാണുന്നത്. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ സംബന്ധിച്ച് അടുത്ത ദിവസം പ്രഖ്യാപനം ഉണ്ടാകും. കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ ഒരുമിച്ച് പ്രഖ്യാപിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. എല്ലാ ഘടകകക്ഷികളും തങ്ങൾക്ക് ലഭിച്ച സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് തീരുമാനം എടുത്ത് വരികയാണ്.

എൽ.ഡി.എഫിലേക്ക് കൂടുതൽ ഘടക കക്ഷികൾ കടന്നുവന്നതും കരുത്ത് പകരും. നിലവിൽ 11 പാർട്ടികൾ എൽ.ഡി.എഫിലുണ്ട്. മുന്നണിയുടെ അടിത്തറ ഏറെ വിപുലീകരിക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ ഇതും എൽ.ഡി,.എഫിന് ശക്തി പകരും.