തൃപ്രയാർ: ഗ്രൂപ്പ് തർക്കത്തെ തുടർന്ന് നാട്ടികയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിയാതെ കോൺഗ്രസ്. നാട്ടിക പഞ്ചായത്തിലെ 12 വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായിട്ടില്ല. തീരുമാനം ഇന്നലെ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വിട്ടു. കഴിഞ്ഞ ദിവസങ്ങളിലായി മണ്ഡലം തലത്തിലും ബ്‌ളോക്ക് തലത്തിലും യോഗം ചേർന്നെങ്കിലും ധാരണയായില്ല. നാട്ടിക പഞ്ചായത്തിൽ 12 വാർഡുകളിലേക്കാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത്.
മൊത്തം 14 വാർഡിൽ രണ്ടെണ്ണം ഘടകകക്ഷിയായ ലീഗിനാണ്. ലീഗിന്റെ സീറ്റുകളിലും ആരെന്ന് തീരുമാനമായിട്ടില്ല. ലീഗിന് വിട്ടുകൊടുത്ത രണ്ടാം വാർഡിൽ കോൺഗ്രസും ലീഗും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. നാട്ടികയിൽ ഐ ഗ്രൂപ്പിലെ മുൻ പഞ്ചായത്ത് അംഗം പി.എം. സിദ്ദിക്കിനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് രൂക്ഷമായ തർക്കം ഉടലെടുത്തിട്ടുള്ളത്. നാല് വാർഡുകൾ വേണമെന്ന ആവശ്യമാണ് ഇവിടെ ഐ ഗ്രുപ്പ് ഉയർത്തിയിട്ടുള്ളത്.
തളിക്കുളം പഞ്ചായത്തിൽ ഏഴ് വാർഡുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചെങ്കിലും മറ്റ് ഏഴ് വാർഡുകളിലെ സ്ഥാനാർത്ഥി നിർണയവും ഡി.സി.സിക്ക് വിട്ടു. വലപ്പാട് പഞ്ചായത്തിൽ 17 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഒരു വാർഡിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് ജില്ലാ കമ്മിറ്റിക്ക് വിട്ടിട്ടുണ്ട്. അന്തിക്കാട്, താന്ന്യം പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.