ചേലക്കര: പങ്ങാരപ്പിള്ളിയിലെ കാത്തലിക്ക് സിറിയൻ ബാങ്കിൽ തീപിടിത്തം. ഇന്നലെ രാവിലെ ഒമ്പതരയോടെ ബാങ്കിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. താമസിയാതെ മാനേജർ സ്ഥലത്തെത്തി ഷട്ടർ തുറന്നു. നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. വിവരമറിഞ്ഞ് വടക്കാഞ്ചേരിയിൽ നിന്ന് ഫയർഫോഴ്‌സും ചേലക്കര പൊലീസും സ്ഥലത്തെത്തി. അപ്പോഴേക്കും തീ കൂടുതൽ വ്യാപിക്കാതെ അണച്ചിരുന്നു. ഫർണീച്ചറുകളും രണ്ട് കമ്പ്യൂട്ടറും രണ്ട് പ്രിന്ററും കൗണ്ടിംഗ് മെഷീനും കുറച്ച് ഫയലുകളും കത്തി നശിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി മാനേജർ സൈജോ സൈമൺ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാവാൻ കാരണമെന്നാണ് നിഗമനം.