പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിൽ പുതിയ ജീവനക്കാരെയെത്തിച്ച് പിരിവ് ആരംഭിക്കാൻ അസൂത്രിത ശ്രമം നടത്തുന്നതായി വിവരം. കഴിഞ്ഞ ദിവസം ടോൾ പ്ലാസയിൽ രണ്ട് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജീവനക്കാരിൽ കൊവിഡ് വ്യാപനം ശക്തമായതോടെ ടോൾപിരിവ് നിറുത്തിവെക്കാൻ ഡി.എം.ഒയുടെ ശുപാർശയിൽ കളക്ടർ ഉത്തരവിട്ടതോടെയാണ് ടോൾ പിരിവ് നിറുത്തി പ്ലാസ തുറന്നിട്ടത്. ഇതോടെ ടോൾ പ്ലാസക്കിരുവശത്തും കിലോമീറ്റുറുകൾ നീളുന്ന വാഹനനിര അപ്രത്യക്ഷമായി. എന്നാൽ പാലിയേക്കര ടോൾപ്ലാസയിൽ ഇവരുടെ തന്നെ മറ്റു പ്ലാസകളിൽ നിന്നും ജീവനക്കാരെയെത്തിച്ച് പിരിവ് പുനരാരംഭിക്കാനാണ് ശ്രമം നടക്കുന്നത്.

രോഗവ്യാപനം രൂക്ഷമായതോടെ ടോൾപ്ലാസ ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു. ബൂത്തുകൾ ജീവനക്കാരില്ലാതെ തുറന്നിട്ട നിലയിലാണെങ്കിലും ടോൾ പ്ലാസയിലെ 12 ട്രാക്കുകളിലും ഫാസ്ടാഗ് പിരിവ് നടക്കുന്നുണ്ട്. ജീവനക്കാരില്ലാതെ തുറന്നിട്ട ടോൾ പ്ലാസയിലെ ഫാസ്റ്റ്ടാഗ് ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ടോൾതുക അക്കൗണ്ടിൽ നിന്നും കുറവ് വരും. എന്നാൽ ഫാസ്ടാഗില്ലാത്ത വാഹനങ്ങൾ തുറന്നിട്ട ട്രാക്കുകളിലൂടെ നിയന്ത്രണങ്ങളില്ലാതെ കടന്നു പോകുന്നതിന് തടയിടാനാണ് ടോൾ കമ്പനി അധികൃതരുടെ നീക്കം.

ടോൾ പിരിവ്, സൂപ്രവൈസിംഗ്, മാനേജ്‌മെന്റ് വിഭാഗം തുടങ്ങി പത്തോളം തസ്തികകളിലായി 155 ജീവനക്കാരാണ് നിരീക്ഷണത്തിലുള്ളത്. മൂന്ന് ഡിവിഷണൽ തലവന്മാരുൾപ്പെടെ 161 പേരാണ് ടോൾപ്ലാസയിൽ ജോലി ചെയ്യുന്നത്.
നിലവിൽ ജില്ലാ അധികൃതർക്ക് ടോൾപിരിവ് നിറുത്തിവെപ്പിക്കുന്നതിനുള്ള അധികാരമില്ല. എന്നാൽ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നിലവിലുള്ള ജീവനക്കാരെ ഉപയോഗിക്കരുതെന്നാണ് കളക്ടറും ആരോഗ്യ വകുപ്പും നിർദേശിച്ചിരിക്കുന്നത്. എന്നാൽ അടിയന്തരമായി ടോൾപ്ലാസയിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നത് എളുപ്പവുമല്ല. സാങ്കേതിക നൈപുണ്യവും പരിശീലനവും ആവശ്യമായ ജീവനക്കാരെ പെട്ടെന്ന് നിയമിക്കുക എന്ന ആവശ്യം അപ്രായോഗികവുമാണ്. ഇക്കാരണത്താൽ ടോൾ കമ്പനിയുടെ നിയന്ത്രണത്തിലുള്ള മറ്റ് ടോൾ പ്ലാസകളിൽ നിന്നുള്ള ജീവനക്കാരെ എത്തിച്ച് പിരിവ് തുടരാനാണ് ശ്രമം. ദേശീയപാത പരിശോധന വിഭാഗം, അറ്റകുറ്റപ്പണികൾ തുടങ്ങിയ വിഭാഗങ്ങിലെ ജീവനക്കാരും നിലവിലെ രോഗബാധിതരുടെ സമ്പർക്ക പട്ടികയിലുണ്ട്. ടോൾ ബൂത്തുകളിൽ ജോലി ചെയ്യുന്നവരുടെ സമ്പർക്ക പട്ടിക വലുതാണ്. ഇവരുടെ സമ്പർക്ക വിവരങ്ങൾ ആരോഗ്യ വകുപ്പ് തയ്യാറാക്കി കഴിഞ്ഞിട്ടില്ല.

ടോൾപ്ലാസയിൽ രോഗബാധിതരുടെ എണ്ണം 22

രണ്ട് ജീവനക്കാർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ടോൾപ്ലാസയിൽ രോഗബാധിതരുടെ എണ്ണം 22 ആയി. 17പേരെ ആരോഗ്യ വകുപ്പ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റിന് അയച്ചിട്ടുണ്ട്. നിലവിൽ 155 ജീവനക്കാർ ഹൈ റിസ്‌ക് വിഭാഗത്തിൽ വരുമെന്നും ഇവരെ ടോൾപിരിവിൽ നിന്ന് മാറ്റണമെന്നും ജില്ലാകളക്‌റുടെ നിർദേശമുണ്ട്. ശേഷിക്കുന്ന 38 പേരെ അടിയന്തരമായി ആന്റിജൻ പരിശോധന നടത്തണമെന്നും ആരോഗ്യ വകപ്പ് നിർദേശിച്ചു.