mathew

ചാലക്കുടി: വീറും വാശിയും കാട്ടിയും തൊണ്ടകീറി പ്രസംഗം നടത്തിയുമുള്ള പ്രചരണം ഓർമ്മയിലേയ്ക്ക് ഓടിയെത്തുകയാണ് പരിയാരം പഞ്ചായത്തിലെ ഈ ദമ്പതി പ്രസിഡന്റുമാർക്ക്. സ്വന്തം പാർട്ടിയിലെ മൂല്യച്യുതി സംഭവിച്ച നേതാക്കളുടെ ചെയ്തികൾ മൂലം സ്വതന്ത്രനായി മത്സരിച്ചു ജയിച്ചതും പിന്നീട് പഞ്ചായത്ത് പ്രസിഡന്റായതും വാർദ്ധക്യത്തിൽ ഓർത്തെടുക്കുകയാണ് പരിയാരത്തിന്റെ സ്വന്തം മാത്യു മാഷ്.

ഈ 83 കാരനൊപ്പം അദ്ധ്യക്ഷ പദവിയുടെ കയ്പ്പും മധുരവും നുണഞ്ഞ അനുഭവം പങ്കിടാൻ കാഞ്ഞിരപ്പിള്ളിയിലെ വീട്ടിൽ ഭാര്യ മേഴ്‌സിയുമുണ്ട്. 1988ൽ തെങ്ങ് അടയാളത്തിൽ മത്സരിച്ച് നൂറിലേറെ വോട്ടുകൾ നേടി ജയിച്ചതിന്റെ ഓർമ്മക്കുറിപ്പായി ആ കൈകളിൽ ഇപ്പോഴുമുണ്ട് അന്നത്തെ തിരഞ്ഞെടുപ്പ് നോട്ടീസ്. പനമ്പിള്ളി ഗോവിന്ദ മേനോന് ഒപ്പം പ്രവർത്തിച്ച ഈ ഖദർധാരിക്ക് ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കയ്പ്പേറിയ അനുഭവമാണുണ്ടായത്. വാർഡ് കമ്മിറ്റി നിർദ്ദേശിച്ച പേരിന് നേതൃത്വം സമ്മതം മൂളിയപ്പോൾ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. ഇടയ്ക്ക് വച്ചാണ് ഘടക കക്ഷിക്ക് സീറ്റു നൽകിയെന്ന അറിയിപ്പുണ്ടായത്.

തന്നോടൊപ്പമുള്ളവർ ആവശ്യപ്പെട്ടത് പ്രകാരം സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു. കെ.എസ് കുഞ്ഞുക്കുട്ടിയമ്മ പ്രസിഡന്റായുള്ള ഭരണത്തിൽ വേളൂക്കര സ്‌കൂളിലെ അദ്ധ്യാപകൻ കൂടിയായ മാത്യു സ്വതന്ത്ര സ്ഥാനാർത്ഥിയായി. കുഞ്ഞുക്കുട്ടിയമ്മയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നപ്പോൾ എൽ.ഡി.എഫിനൊപ്പം ചേർന്ന ഇദ്ദേഹം പിന്നീട് മൂന്ന് വർഷം പഞ്ചായത്തിന്റെ അമരക്കാരനായി.

കമ്മ്യൂണിറ്റി ഹാളിന് തറക്കല്ലിടൽ, ആരോഗ്യ കേന്ദ്രത്തിന് തുടക്കം കുറിക്കൽ, ജീവധാര ആശുപത്രിയിൽ നിന്നും ഒരേക്കർ സ്ഥലം ലഭ്യമാക്കൽ ഇവയെല്ലാം ആ ഭരണത്തിലെ നേട്ടമായി. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ച ഭാര്യ മേഴ്‌സിയും എത്തിപ്പെട്ടത് പഞ്ചായത്ത് ഭരണത്തിന്റെ ഉന്നതങ്ങളിൽ. മൂന്ന് വർഷം ഭരിച്ച ഇവരും ആ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. പിന്നീട് ഇവർ കാഞ്ഞിരപ്പിള്ളി ഡിവിഷനിൽ നിന്നും ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ചു. ഇന്നത്തെ വികലമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നീരസമുള്ള മാത്യു മാസ്റ്റർ അതെപ്പോഴും പ്രകടമാക്കുന്നു. ഒരു ഇടതുപക്ഷ സഹയാത്രികൻ എന്ന നിലയിലും തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നു.