ചാലക്കുടി: കർഷക സമരങ്ങളുടെ അലയൊലി മുഴങ്ങുന്ന പരിയാരം പഞ്ചായത്ത് വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ വരവേൽക്കുന്നത് ഒട്ടനവധി സവിഷേതകളുമായി. വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളിയുടെ പ്രവേശന കവാടം, കാർഷിക വിളകളുടെ വളക്കൂറുള്ള മണ്ണ് തുടങ്ങിയ മറ്റനേകം പ്രത്യേകതയും പരിയാരത്തിന് അലങ്കാരമാകുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ തങ്ങളുടെ ഭരണം വികസന പ്രവർത്തനങ്ങളിൽ പഞ്ചായത്തിൽ വലിയ കുതിച്ചുകയറ്റമുണ്ടാക്കിയെന്ന് അവയുടെ പട്ടിക നിരത്തി എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രകടന പത്രികയിലെ വാഗ്ദ്ധാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കാനായില്ലെന്ന് യു.ഡി.എഫ് ആരോപിക്കുമ്പോൾ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ ഇരുമുന്നണികൾക്കും ഒന്നും ചെയ്യാനാകുന്നില്ലെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തുന്നു.
ഇരുമുന്നണികളേയും മാറിമാറി ഭരണത്തിന് അവസരം നൽകിയ ചരിത്രമാണ് പരിയാരം പഞ്ചായത്തിന്. 15 സീറ്റിൽ ഒമ്പതെണ്ണം നേടി ഇത്തവണ എൽ.ഡി.എഫ് ഭരണത്തിലേറി. സി.പി.എമ്മിന് ഏഴും സി.പി.ഐയ്ക്ക് രണ്ടും സീറ്റുകൾ. ബാക്കി ആറും കോൺഗ്രസ് നേടി. എന്നാൽ ഇക്കുറി മുന്നണിയിലേയ്‌ക്കെത്തിയ എൽ.ജെ.ഡിയ്ക്കു കൂടി എൽ.ഡി.എഫിൽ സീറ്റു നൽകണം. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ വലിയ സ്വാധീനമുണ്ട് എൽ.ജെ.ഡിയ്ക്ക്. ഇതോടെ ഭരണം നിലനിറുത്താൻ തങ്ങൾക്ക് കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. എന്നാൽ ഒന്നും ചെയ്യാൻ കഴിയാതെ പോയ ഭരണത്തിൽ അസംതൃപ്തരായ ജനങ്ങൾ തങ്ങളെ അനുകൂലിയ്ക്കുമെന്ന് യു.ഡി.എഫും കണക്കുകൂട്ടുന്നു. ഇതാദ്യമായി പരിയാരം പഞ്ചായത്തിന്റെ ഭരണ സിരാ കേന്ദ്രത്തിൽ സാന്നിദ്ധ്യം അറിയിക്കാനുള്ള കഠിന പ്രയ്‌ത്നവുമായി ബി.ജെ.പിയും പ്രവർത്തനം ശക്തമാക്കുന്നു.

................................

സംസ്ഥാന സർക്കാരിന്റെ നാല് മിഷനുകൾ കാര്യക്ഷമമായി നടപ്പാക്കാൻ പഞ്ചായത്ത് ഭരണത്തിന് കഴിഞ്ഞു. പഞ്ചായത്ത് കാര്യാലയത്തിന്റെ ഭൗതിക സാഹചര്യം വിപുലീകരിക്കൽ, കുടുംബാരോഗ്യ കേന്ദ്രത്തെ ആർദ്രം പദ്ധതിയുമായി സംയോജിപ്പിക്കൽ, ലൈഫ് പദ്ധതിയിലൂടെ നിരാലംബരരായ നിരവധി കുടുംബങ്ങൾക്ക് വീടു നൽകൽ തുടങ്ങിയവയും നടപ്പിലാക്കി. തൊഴിലുറപ്പിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് ചാലക്കുടി ബ്ലോക്ക് പരിധിയിൽ രണ്ടാം സ്ഥാനം നേടാനായി. മാലിന്യ സംസ്‌കരണത്തിന് പുതിയൊരു മാതൃക സൃഷ്ടിച്ചു.

- ജെനീഷ് പി.ജോസ് (പ്രസിഡന്റ്)

..................................................

വ്യവസായ പാർക്ക് എന്ന പ്രഖ്യാപനത്തിൽ ഒരു നീക്കവും ഭരണ പക്ഷത്തിന് നടത്താനായില്ല. പൊതു കളിയിടം, മാലിന്യ സംസ്‌കരണ പ്ലാന്റ്, പൊതു ശ്മശാനം, ആധുനിക അറവുശാല എന്നീ വാഗ്ദ്ധാനങ്ങളും നിറവേറ്റാനായില്ല. സർക്കാരിന്റെ ലൈഫ് പദ്ധതിയും പരിയാരത്ത് കാര്യമായി നടപ്പാക്കാനായില്ല.

കെ.ടി. വർഗീസ് (യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ)

............................

ഇരു മുന്നണികളും പരിയാരത്തിന് വേണ്ടി കാതലായ മാറ്റമുണ്ടാക്കിയില്ല. അർഹതപ്പെട്ട ഭൂരിഭാഗം പേരും ലൈഫ് പദ്ധതിയിൽ അവഗണിക്കപ്പെട്ടു.

- അനൂപ് (ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ്)