പുതുക്കാട്: ദേശീയപാത പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ രണ്ട് മണിക്കൂർ വ്യത്യാസത്തിൽ രണ്ട് അപകടം. ഒരു അപകടത്തിൽ ആർക്കും പരിക്കില്ല. ഒരു അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. എറണാംകുളം ഭാഗത്തേക്ക് പോയിരുന്ന കാറിനു പിറകിൽ പാർസൽ ലോറി തട്ടിയായിരുന്നു ആദ്യ അപകടം. ലോറി തട്ടി നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ കയറി നിന്നു. യു ടേണിന്റെ പടിഞ്ഞാറെ ഭാഗത്തുനിന്നും റോഡ് മുറിഞ്ഞു കടന്ന സ്കൂട്ടറിൽ ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അടുത്ത അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന യുവതിക്കും, ബൈക്ക് ഓടിച്ചിരുന്ന മദ്ധ്യവയസ്കനും പരിക്കേറ്റു. സ്റ്റാൻഡിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ ബസ് റോഡ് മുറിഞ്ഞു കടക്കാൻ നിറുത്തിയ സമയം സ്കൂട്ടർ ബസിന്റെ മറുവശത്തുകൂടെ കടന്നതാണ് അപകടത്തിനിടയാക്കിയത്. ഒരിടവേളക്ക് ശേഷം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ വീണ്ടും അപകടങ്ങൾ വർദ്ധിച്ചിട്ടുണ്ട്.