തൃശൂർ: വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശക്തമായി തിരിച്ചു വരുമെന്ന് കേരള കോൺഗ്രസ് (എം- ജോസഫ്) ജില്ലാ പ്രസിഡന്റ് സി.വി കുരിയാക്കോസ്. സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്ത ദിവസം പൂർത്തിയാകും. നിലവിലെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ഭരിച്ചിരുന്ന എൽ.ഡി.എഫ് വികസന പ്രവർത്തനം അട്ടിമറിച്ചു. എല്ലായിടത്തും സ്വജനപക്ഷപാതമാണ് നടന്നത്. കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളിൽ തന്നെ ഇത്തവണയും മത്സരിക്കും. എന്നാൽ അതേ സീറ്റുകളിലായിരിക്കില്ല മത്സരം. മുന്നണി സംവിധാനത്തിന്റെ കെട്ടുറപ്പിനായി വിട്ടുവീഴ്ചകൾ നടത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കോർപറേഷനിലെ രണ്ട് സീറ്റുകളായ പറവട്ടാനിയിലും എൽത്തുരുത്തിലും പാർട്ടി മത്സരിക്കും. ഇവിടേക്കുള്ള സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്തിൽ അവണൂർ ഡിവിഷനിൽ നിന്ന് പാർട്ടി സ്ഥാനാർത്ഥി മത്സരിക്കും. ജില്ലയിൽ കേരള കോൺഗ്രസിൽ ജോസ് വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു. തോമസ് ഉണ്ണിയാടൻ, മുൻ ജില്ലാ പ്രസിഡന്റ് എം.പി പോളി എന്നിവരെല്ലാം പി.ജെ ജോസഫിന് ഒപ്പമാണ്. എൽ.ഡി.എഫ് ജോസ് വിഭാഗത്തെ വഞ്ചിച്ച് കൊണ്ടിരിക്കുകയാണ്.
മതിലകം 16ാം വാർഡ്
ഇവർക്ക് വീട്ടുകാര്യം
കൊടുങ്ങല്ലൂർ: മതിലകത്ത് സഹോദരന്മാർ ഒരേ വാർഡിൽ പോരാട്ടത്തിനൊരുങ്ങുന്നു. കൂളിമുട്ടം ഏറംപുരക്കൽ പരേതനായ കുട്ടന്റെയും മാളുവിന്റെയും മക്കളായ ഇ.കെ ബിജുവും, ഇ.കെ ബൈജുവുമാണ് മത്സര രംഗത്തുള്ളത്. പഞ്ചായത്ത് പതിനാറാം വാർഡിലാണ് സഹോദരങ്ങൾ മത്സരത്തിനിറങ്ങുന്നത്. 48 കാരനായ ബിജു സി.പി.എം സ്ഥാനാർത്ഥിയും, 43 വയസുള്ള ബൈജു കോൺഗ്രസ് സ്ഥാനാർത്ഥിയുമാണ്. പാപ്പിനിവട്ടം സഹകരണ ബാങ്ക് പ്രസിഡന്റായ ബിജു സി.പി.എം കൂളിമുട്ടം പൊക്ലായ് ബ്രാഞ്ച് സെക്രട്ടറിയും ജന സേവന സംഘടനയായ പൊക്ലായി കൂട്ടായ്മയുടെ ഭാരവാഹിയുമാണ്.
മത്സ്യത്തൊഴിലാളി കോൺഗ്രസ് കയ്പമംഗലം ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ്, കോൺഗ്രസ് മതിലകം മണ്ഡലം വൈസ് പ്രസിഡന്റ്, കൂളിമുട്ടം മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്, ശിവസ്ഥാനം ശിവഗംഗ ക്ഷേത്രം സെക്രട്ടറി എന്നീ സ്ഥാനങ്ങളാണ് ബൈജു വഹിക്കുന്നത്. ഇതുവരെ കോൺഗ്രസ് ജയിക്കാത്ത പൊക്ലായി വാർഡ് പിടിച്ചെടുക്കാനുള്ള ദൗത്യമാണ് പാർട്ടി ബൈജുവിനെ ഏൽപ്പിച്ചത്. എന്നാൽ വാർഡ് കൂടുതൽ മികവോടെ നിലനിറുത്താനുള്ള ദൗത്യമാണ് ബിജുവിനുള്ളത്. മാതാവ് മാളുവിന്റെ അനുഗ്രഹം വാങ്ങിയാണ് ഇരുവരും പ്രചാരണ രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. എന്നാൽ പോരാട്ടം ഒരിക്കലും സഹോദര ബന്ധത്തെ ബാധിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി. വ്യത്യസ്ത പ്രസ്ഥാനങ്ങളും നിലപാടുകളും ആശയങ്ങളും വികസന കാഴ്ചപ്പാടുകളും തമ്മിലുള്ള ഏറ്റുമുട്ടൽ ആരോഗ്യപരമാണെന്നും ഇരുവരും പറയുന്നു.
ഉമ്മൻ ചാണ്ടിയെത്തിയിട്ടും
കോൺഗ്രസിൽ തർക്കം തീർന്നില്ല
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ ഗ്രൂപ്പിലെ തർക്കം തീർക്കാൻ ഉമ്മൻചാണ്ടി നേരിട്ടെത്തിയിട്ടും തർക്കം പരിഹരിക്കാനായില്ല. ഗാന്ധിനഗർ, കിഴക്കുംപാട്ടുകര ഡിവിഷനുകളെ സംബന്ധിച്ച തർക്കത്തിലാണ് പ്രധാനമായും ഉമ്മൻചാണ്ടി അഭിപ്രായം പറഞ്ഞത്.
ഗാന്ധി നഗറിൽ ജോൺ ഡാനിയേലും, കിഴക്കുംപാട്ടുകരയിൽ രാജൻ പല്ലനും മത്സരിക്കാൻ ധാരണയായെങ്കിലും ഗ്രൂപ്പിൽ നിന്നുള്ള മറ്റ് സ്ഥാനാർത്ഥി മോഹികളുടെ കാര്യത്തിൽ തീരുമാനമാകാത്തതാണ് പ്രശ്നം. അനിൽ അക്കര എം.എൽ.എ, പി.എ മാധവൻ, ഒ. അബ്ദുറഹിമാൻകുട്ടി, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ടാജറ്റ്, ജോൺ ഡാനിയേൽ, ടി.ജെ സനീഷ്കുമാർ എന്നിവരുമായിട്ടാണ് ഉമ്മൻചാണ്ടി കൂടിക്കാഴ്ച നടത്തിയത്.
തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വിട്ടുവീഴ്ച വേണ്ടി വരുമെങ്കിലും നിലവിലെ സ്ഥിതി പാലിക്കണം. സീറ്റുകൾ വെച്ചുമാറുന്നതിൽ കുഴപ്പമില്ല, അടിയന്തര സാഹചര്യത്തിൽ അത് വേണ്ടി വരും. പക്ഷേ, തത്തുല്യമായി സീറ്റ് ലഭിക്കില്ലെങ്കിൽ വെച്ചുമാറ്റം വേണ്ടെന്നും ഉമ്മൻചാണ്ടി ഗ്രൂപ്പ് നേതാക്കൾക്ക് നിർദ്ദേശം നൽകി. നാല് ഗ്രൂപ്പ് നേതാക്കൾക്കായാണ് പ്രധാനമായും ഉമ്മൻചാണ്ടി സീറ്റ് നിർദ്ദേശം വെച്ചതെന്നാണ് സൂചന.