gopalakrishnan

തൃശൂർ : കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മേയർ സ്ഥാനാർത്ഥിയായി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെ കളത്തിലിറക്കിയേക്കും. ഇത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും. പാർട്ടി സംസ്ഥാന നേതൃത്വവും ആർ.എസ്.എസ് നേതൃത്വവും മത്സരിക്കാൻ നിർദ്ദേശം നൽകിയെന്നാണ് സൂചന. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ കുട്ടൻകുളങ്ങര ഡിവിഷനിലായിരിക്കും ഗോപാലകൃഷ്ണൻ മത്സരിക്കുക. ആദ്യം ഇടതുമുന്നണിയുടെയും പിന്നെ കോൺഗ്രസിന്റെയും കുത്തകയായിരുന്ന ഈ ഡിവിഷൻ കഴിഞ്ഞ തവണയാണ് ബി.ജെ.പി പിടിച്ചെടുത്തത്. 2015ൽ മുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐ. ലളിതാംബിക ഇവിടെ വിജയിച്ചത്.

കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഡിവിഷനിൽ ബി.ജെ.പി ഭൂരിപക്ഷം വർദ്ധിപ്പിച്ചു. കോർപറേഷനിൽ 36 ഡിവിഷനിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ടാം പട്ടിക ഇന്നുണ്ടായേക്കും. ഗോപാലകൃഷ്ണൻ താമസിക്കുന്ന ഡിവിഷനായ ഗാന്ധിനഗർ ആയിരുന്നു ആദ്യം നിർദ്ദേശിച്ചതെങ്കിലും ഇവിടെ സിറ്റിംഗ് കൗൺസിലർ കെ. മഹേഷിനെ മത്സരിപ്പിക്കുകയാണ്. നേരത്തെ ലോകസഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചിട്ടുള്ള ഗോപാലകൃഷ്ണനെ കോർപറേഷനിലേക്ക് മത്സരിപ്പിക്കുന്നത് മത്സരത്തിന്റെ ഗൗരവം കൂട്ടുമെന്നാണ് ബി.ജെ.പി കരുതുന്നത്. 20 സീറ്റുകളിലെങ്കിലും വിജയിക്കുക, ഭരണത്തിലെത്തുക എന്നിവ അസാദ്ധ്യമല്ലെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.