തൃശൂർ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് സ്വീകരിക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിച്ച പട്ടികയിൽ കാരറ്റ്, കൈവണ്ടി, ചെണ്ട, വിസിൽ തുടങ്ങി 75 ചിഹ്നങ്ങളാണുള്ളത്. വാഹനങ്ങളും, സ്‌പോർട്‌സ് ഉപകരണങ്ങളും, സംഗീത ഉപകരണങ്ങളും സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങളായി സ്വീകരിക്കാം. കമ്മിഷൻ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കായി അംഗീകരിച്ച മറ്റ് ചിഹ്നങ്ങൾ: അലമാര, ആന്റിന, ആപ്പിൾ, ഓട്ടോറിക്ഷ, മഴു, ബലൂൺ, ബെഞ്ച്, ബ്ലാക്ക് ബോർഡ്, കുപ്പി, ബ്രീഫ് കെയ്‌സ്, ബ്രഷ്, തൊട്ടി, കാമറ, മെഴുകുതിരികൾ, കാർ, കാരം ബോർഡ്, കാരറ്റ്, കൈവണ്ടി, ചെണ്ട, കോട്ട്, ശംഖ്, ക്രിക്കറ്റ് ബാറ്റ്, വിളവെടുക്കുന്ന കർഷകൻ, കപ്പും സോസറും, മൺകലം, ഇലക്ട്രിക് സ്വിച്ച്, എരിയുന്ന പന്തം, ഓടക്കുഴൽ, ഫുട്ബാൾ, ഗ്യാസ് സ്റ്റൗവ്, മുന്തിരിക്കുല, ഹാർമോണിയം, ഹെൽമറ്റ് , ഹോക്കി സ്റ്റിക്കും പന്തും, കുടിൽ, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, കെറ്റിൽ, പട്ടം, ലാപ്‌ടോപ്, എഴുത്തു പെട്ടി, താഴും താക്കോലും, മാങ്ങ, മൊബൈൺ ഫോൺ, പൈനാപ്പിൾ തുടങ്ങിയവയാണ്.
ലഭിച്ചത് 33 നാമനിർദ്ദേശ പത്രികകൾ
തൃശൂർ : നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ രണ്ടാം ദിനം ലഭിച്ചത് 33 നാമനിർദ്ദേശ പത്രികകൾ. തൃശൂർ കോർപറേഷൻ, ഇരിങ്ങാലക്കുട, ചാലക്കുടി നഗരസഭകൾ എന്നിവിടങ്ങളിലും, 13 പഞ്ചായത്തുകളിലുമാണ് നാമനിർദ്ദേശ പത്രിക സമർപ്പണം നടന്നത്. ഇരിങ്ങാലക്കുട നഗരസഭയിൽ 6 എണ്ണവും, തൃശൂർ കോർപറേഷനിൽ മൂന്നും, ചാലക്കുടി നഗരസഭയിൽ ഒന്നും നാമനിർദ്ദേശ പത്രിക ലഭിച്ചു. പഞ്ചായത്തുകളായ ആളൂർ 4, ദേശമംഗലം 3, അന്തിക്കാട് 3, പഴയന്നൂർ 2, മേലൂർ 2, പരിയാരം 2, മുളങ്കുന്നത്തുകാവ്, തിരുവില്വാമല, ഒരുമനയൂർ, മുരിയാട്, വേളൂക്കര, കൊരട്ടി, മറ്റത്തൂർ ഓരോന്ന് വീതം എന്നിങ്ങനെയാണ് വെള്ളിയാഴ്ച പത്രികകൾ സമർപ്പിച്ചത്. ആദ്യ ദിവസം ജില്ലയിൽ 4 പത്രികകളാണ് സമർപ്പിച്ചത്. നവംബർ 19 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.