by-pass
നിര്‍ദിഷ്ട ബൈപാസിന്റെ രൂപരേഖ

പുതുക്കാട്: ദേശീയപാത പുതുക്കാട്, ആമ്പല്ലർ ജംഗ്ഷനുകളും ടോൾ പ്ലാസയും ഒഴിവാക്കി പുതിയ ബൈപാസ് നിർമ്മിക്കുന്നതിന്റെ സാദ്ധ്യതാ പഠനം നടത്തി. പുതുക്കാട് സമഗ്ര വികസന സമിതി സർക്കാരിന് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസി.എക്‌സിക്യുട്ടിവ് എൻജിനിയർ പ്രാഥമിക പഠനം നടത്തിയത്. കുറുമാലി പുഴ പാലത്തിനു സമീപത്ത് പാതയുടെ പടിഞ്ഞാറു ഭാഗത്ത് നിന്നാരംഭിച്ച് തൃശൂർ റോഡിൽ തലോർ ജംഗ്ഷനു സമീപത്തായി കോൺവെന്റിന് മുന്നിൽ തൃശൂർ റോഡിൽ ചേരുന്നതാണ് ബൈപാസ്.

മൂന്നര കിലോമീറ്റർ ദൂരം വരുന്ന ബൈപാസ് കടന്നു പോകുന്നതിൽ എൺപത് ശതമാനം സ്ഥലവും വെള്ളക്കുഴികളാണ്. മണലി പുഴക്കു കുറുകെ മാത്രമാണ് വലിയ പാലം നിർമ്മിക്കേണ്ടി വരിക. പുതുക്കാട്, ആമ്പല്ലൂർ പ്രദേശങ്ങളുടെ വളർച്ചയ്ക്ക് എറെ ഉപകാരപെടുന്നതാണ് ബൈപാസ്. ദേശീയ പാതയിലെ അപകടങ്ങൾ കുറക്കുന്നതിനും, പാലിയേക്കര ടോളിലെ ഗതാഗതക്കുരുക്കിൽ പെടാതെ കടന്നുപോകാവുന്നതുമാകും ബൈപാസ്. ജംഗ്ഷനുകൾ ഒഴിവാക്കുന്നതിനാൽ സുഗമമായ ഗതാഗതത്തിന് ഉപകരിക്കുന്നതാവും പുതിയ പാത.

45 വർഷം മുമ്പ് നടന്ന ദേശീയ പാത വികസനത്തിന്റെ ഘട്ടത്തിൽ കുറുമാലി മുതൽ മണലി വരെ നിലവിലുള്ള പാതയുടെ പടിഞ്ഞാറു കൂടി നേർരേഖ പോലെയുള്ള പാതയായിരുന്നു രൂപകൽപ്പന ചെയ്തിരുന്നത്. പക്ഷെ രാഷ്ട്രീയ സമർദത്തെ തുടർന്ന് പാതയുടെ രൂപരേഖ മാറ്റുകയായിരുന്നു.