ചാലക്കുടി: തദ്ദേശ തെരഞ്ഞെപ്പിലെ നാമനിർദ്ദേശ പത്രിക സമർപ്പണം രണ്ടു ദിവസം പിന്നിട്ടപ്പോൾ നഗരസഭയിലേയ്ക്ക് ഇതുവരെ ഒരാൾ മാത്രമാണ് പത്രിക സമർപ്പിച്ചത്. പോട്ട മൂന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥി കെ.എ. ഡാമിയുടെ പത്രികയാണ് വെള്ളിയാഴ്ച വരണാധികാരിയായ ചാലക്കുടി ഡി.എഫ്.ഒയ്ക്ക് ലഭിച്ചത്. ഒന്നു മുതൽ 18 വാർഡ് വരെയുള്ള പത്രികകളാണ് ഇവിടെ സ്വീകരിക്കുക. 19 മുതൽ 36 വരെ വാർഡുകളിലെ വരണാധികാരി വാഴച്ചാൽ ഡി.എഫ്.ഒ മുമ്പാകെ ഇതുവരെ ഒരു പത്രികപോലും എത്തിയിട്ടില്ല. പ്രധാന മുന്നണി സ്ഥാനാർത്ഥികൾ ഇതുവരെയും പത്രികയുടെ അപേക്ഷ ഫോറങ്ങൾ വാങ്ങിയിട്ടില്ലെന്നാണ് വിവരം. സീറ്റു വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയാകാത്ത സാഹചര്യത്തിലാണ് പത്രിക വാങ്ങാൻ ആളെത്താത്തത്. ഏതായാലും രണ്ടു ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച മുതൽ പത്രിക സമർപ്പണം തകൃതിയായി നടക്കും. വ്യാഴാഴ്ചയാണ് അവസാന ദിവസം.