ചാലക്കുടി: സീറ്റ് വിഭജനം ഇനിയും കീറാമുട്ടി, മാരത്തോൺ ചർച്ചകളിൽ മുന്നണികൾ. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ഫലത്തിൽ ഇനി നാലു നാളുകൾ മാത്രം. നഗരസഭയിൽ മുന്നണികൾക്ക് ഇതുവരേയും സീറ്റു വീതം വയ്പ്പ് മുഴുവിപ്പിക്കാനായില്ല. എൽ.ഡി.എഫിൽ സി.പി.എമ്മിന്റേയും സി.പി.ഐയുടേയും സീറ്റു ധാരണ ഏറെക്കുറെ പൂർത്തിയാക്കി. എന്നാൽ എൽ.ജെ.ഡി, കേരള കോൺഗ്രസ് എം എന്നീ പാർട്ടികൾ അടക്കമുള്ള ഘടക കക്ഷികളുടെ കാര്യത്തിലാണ് തീരുമാനം വൈകുന്നത്. തിങ്കളാഴ്ചയ്ക്കകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു.
സ്ഥാനാർത്ഥികളുടെ ബാഹുല്യമാണ് കോൺഗ്രസിന് ഇക്കുറിയും തലവേദന. ഓരോ ദിവസവും സ്ഥാനാർത്ഥികൾ മാറിമറിയുന്നു. ഘടക കക്ഷികൾക്ക് കാര്യമായി പരിഗണ ലഭിക്കാൻ ഇടയില്ലാത്തതിനാൽ അത്തരത്തിൽ ചർച്ചയ്ക്ക് കൂടുതൽ സമയം മാറ്റി വയ്ക്കുന്നില്ല. എൻ.ഡി.എ നഗരസഭയിൽ 24 സീറ്റുകളിൽ ധാരണയുണ്ടാക്കി. ഇതിൽ ബി.ജെ.പിയുടേതായിരിക്കും 19 സ്ഥാനാർത്ഥികൾ. ബി.ഡി.ജെ.എസിന് അഞ്ചു സീറ്റുകളുണ്ട്. അവശേഷിക്കുന്ന 11 സീറ്റുകളുടെ കാര്യം രണ്ടു ദിവസത്തിനകം ധാരണയാകുമെന്ന് പ്രസിഡന്റ് സജീവ് പള്ളത്ത് അറിയിച്ചു.
പരിയാരം ഒഴിച്ച് മറ്റു പഞ്ചായത്തുകളിൽ എൽ.ഡി.എഫ് സീറ്റു വിഭജനം പൂർത്തിയാക്കി. കോടശേരിയിൽ സി.പി.എം 15ലും സി.പി.ഐ 5 സീറ്റുകളിലും മത്സരിക്കും. മേലൂരിൽ പതിനഞ്ച് സീറ്റിലാണ് സി.പി.എം ഇക്കുറിയും ജനവിധി നേടുക. രണ്ടെണ്ണം സി.പി.ഐയ്ക്ക് നൽകിയിട്ടുണ്ട്. ഘടക കക്ഷികൾക്ക് മേലൂരിൽ സീറ്റുണ്ടാകില്ല. കൊരട്ടിൽ സി.പി.എം 14ഉം സി.പി.ഐ നാല് സീറ്റുകളിലും മത്സരിയ്ക്കും. എൽ.ജെ.ഡിയ്ക്ക് ഒരു സീറ്റും നൽകിയിട്ടുണ്ട്. ഒരു സീറ്റ് എൽ.ജെ.ഡിയ്ക്ക് നൽകി, കാടുകുറ്റിയിലും എൽ.ഡി.എഫ് സീറ്റു വിഭജനം പൂർത്തിയാക്കി. സി.പി.എം സ്ഥാനാർത്ഥികൾ 12 വാർഡുകളിൽ മത്സരിക്കും. സി.പി.ഐയ്ക്ക് മൂന്ന് സീറ്റാണ് നൽകിയത്.