കൊടുങ്ങല്ലൂർ: നിമിഷ കവി തയ്യപ്പറമ്പിൽ ഗോപാലൻകുട്ടി മേനോൻ (87) നിര്യാതനായി. ഇന്നലെ രാവിലെ 11.45 ഓടെ തൃശർ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കൊടുങ്ങല്ലൂർ കളരിയുടെ കാവ്യപാരമ്പര്യത്തിലെ അവസാനത്തെ കണ്ണിയായിരുന്നു.
വൈകീട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പ്രശസ്ത കവി കൂനേഴത്ത് പരമേശ്വര മേനോന്റെ ദൗഹിത്രനും (മകളുടെ മകൻ) കൂനേഴത്ത് പരമേശ്വര മേനോന്റെ ശിഷ്യനുമായിരുന്നു. വിവേകാനന്ദ വിജയം മഹാകാവ്യം, ഭംഗനേത്ര വിലാപം, കവി പക്വമാല, ഭർതൃഹരിയുടെ നീതിശതകം വിവർത്തനം ഉൾപ്പെടെ 20 കൃതികൾ രചിച്ചു. ആയിരക്കണക്കിന് മുക്തകങ്ങളും ശ്ലോകങ്ങളുമെഴുതി. അക്ഷരശ്ലോക വിദഗ്ദ്ധനായിരുന്നു. കവി കാത്തുള്ളിൽ അച്ചുതമേനോൻ സ്മാരക അക്ഷരശ്ലോക സമിതിയുടെ പ്രസിഡന്റായിരുന്നു. കവന കൗതുകം മാസികയുടെ പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിന്റേത് ഉൾപ്പെടെ പല വിധ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2010 ൽ കാവ്യ മണ്ഡലം കവി കുല ഗുരുപ്പട്ടം നൽകി ആദരിച്ചിട്ടുണ്ട്.
തയ്യപ്പറമ്പിൽ ഗോപാലൻകുട്ടി മേനോനെക്കുറിച്ച് ബക്കർ മേത്തല രചനയും സംവിധാനവും നിർവ്വഹിച്ച് ഗവ. കെ.കെ ടി.എം കോളേജിന്റെ സഹകരണത്തോടെ ''നാരായം കൊണ്ടെഴുതിയ കവിതകൾ, എന്ന ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിട്ടുണ്ട്. ഭാര്യ: പരേതയായ പാലാരിൽ തങ്കം. മക്കൾ: രാധാകൃഷ്ണൻ (റിട്ട. എസ്.പി.) നാരായണൻകുട്ടി, രമേഷ്, രമണി, രമ. മരുമക്കൾ : കല്പന, ജയലക്ഷ്മി, ശ്രീലത, ജയപ്രകാശ്, ബാലഗോപാൽ.