chandran-

ഗുരുവായൂർ: കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞ് എട്ട് പതിറ്റാണ്ടിലേറെക്കാലം പിന്നിടുമ്പോഴും, ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യകലാകാരൻമാർക്ക് അപ്രഖ്യാപിത ജാതിഭ്രഷ്ട് !ക്ഷേത്രത്തിനകത്ത് മേൽജാതിയിൽപ്പെട്ട വാദ്യകലാകാരൻമാർക്ക് മാത്രമാണ് അവസരം നൽകുന്നതെന്നും ,ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും വാദ്യകലാകാരൻ കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോട് കേരള കൗമുദിയോട് പറഞ്ഞു. ക്ഷേത്രത്തിൽ വിശേഷാവസരങ്ങളിൽ മേളത്തിനും പഞ്ചവാദ്യത്തിനും തായമ്പകയ്ക്കും നായർ മുതൽ താഴോട്ടുള്ള വിഭാഗക്കാർക്കൊന്നും പങ്കെടുക്കാനാകില്ല. നിരവധി മേളവിദഗ്ദ്ധർ ഗുരുവായൂരിന്റെ പരിസര പ്രദേശങ്ങളിലുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ അവരെല്ലാം പങ്കെടുക്കാൻ വേദികളില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലുമാണ്.

കഴിവും പരിചയസമ്പന്നതയും പരിഗണിക്കാതെ, ദളിത് വിഭാഗക്കാരനായ തന്നെ പലപ്പോഴും ക്ഷേത്രത്തിൽ നിന്ന് ജാതിയുടെ പേരിൽ അപമാനിച്ച് ഇറക്കിവിട്ടിട്ടുണ്ടെന്നും ,നിരവധി വാദ്യകലാകാരന്മാർക്ക് സമാന അനുഭവങ്ങളുണ്ടായിയെന്നും ചന്ദ്രൻ പറഞ്ഞു. 45 വർഷമായി നിരവധി വേദികളിൽ കൊട്ടിത്തെളിഞ്ഞ കലാകാരനാണ് തിമല വിദഗ്ദ്ധനായ കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോട്. 301 കലാകാരന്മാരുടെ പ്രമാണിയായി മൂന്നര മണിക്കൂറിലേറെ വാദ്യപ്രകടനം നടത്തി ലിംക ബുക്‌സ് ഒഫ് റെക്കോഡ്‌സിൽ ഇടംപിടിച്ചിട്ടുണ്ട്.

എല്ലാം വാദ്യ സബ് കമ്മിറ്റിയുടെ തീരുമാനം

അതേസമയം, ജാതിവിലക്കുള്ളതായി ദേവസ്വം ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. 2014ൽ ഇലത്താള കലാകാരനായ കല്ലൂർ ബാബുവിനെ ജാതിയുടെ പേരിൽ പഞ്ചവാദ്യത്തിൽ പങ്കെടുപ്പിക്കാതെ തിരിച്ചയച്ചത് വിവാദമായിരുന്നു. തുടർന്ന്, മേളത്തിലും തായമ്പകയിലും പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് വാദ്യകലാകാരന്മാർ അപേക്ഷ നൽകിയെങ്കിലും ദേവസ്വം മറുപടി നൽകിയില്ല. വാദ്യകലാസംരക്ഷണ സംഘം സെക്രട്ടറി ഇരിങ്ങപ്പുറം ബാബു വിവരാവകാശം വഴി കാരണം ചോദിച്ചപ്പോൾ, ആരെയെല്ലാം പങ്കെടുപ്പിക്കണമെന്നത് വാദ്യ സബ്കമ്മിറ്റിയുടെ തീരുമാനമാണെന്ന് പറഞ്ഞൊഴിയുകയായിരുന്നു. സബ്കമ്മിറ്റിയുടെ തീരുമാനത്തിന്റെ രേഖ ആവശ്യപ്പെട്ടപ്പോൾ, രേഖപ്പെടുത്തുന്ന പതിവില്ലെന്നായിരുന്നു മറുപടി.

വാദ്യത്തിനായി നിയമിക്കുമ്പോൾ സാമുദായിക പരിഗണന ദേവസ്വം എംപ്ലോയീസ് റെഗുലേഷനിൽ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് അധികൃതർ സമ്മതിക്കുന്നുണ്ട്. ജാതി തിരിച്ചുള്ള വിലക്കിന് ആധികാരികമായ രേഖകളുണ്ടോയെന്ന ചോദ്യത്തിന് ,ഇല്ലെന്നായിരുന്നു മറുപടി . 2015ൽ വാദ്യകലാസംരക്ഷണ സംഘം പ്രസിഡന്റ് പൂങ്ങാട് മാധവൻ നമ്പൂതിരിയും സെക്രട്ടറി ബാബുവും വീണ്ടും അപേക്ഷിച്ചെങ്കിലും തീരുമാനം വാദ്യസബ് കമ്മിറ്റിയുടേതാണെന്ന് ആവർത്തിച്ച് ദേവസ്വം കൈകഴുകി. വർഷാവർഷം രൂപീകരിക്കുന്ന വാദ്യകമ്മിറ്റിയിലെ അംഗങ്ങൾ പരാതികൾക്ക് ചെവി കൊടുത്തില്ല. ജാതിവിലക്കിനെതിരെ നിരവധി സമരങ്ങൾ നടന്നെങ്കിലും വിലക്കുകൾ തുടരുകയായിരുന്നു.പഞ്ചവാദ്യത്തിൽ മദ്ദളം, കൊമ്പ്, കുഴൽ, ഇലത്താളം എന്നിവയ്ക്ക് നായർ സമുദായാംഗങ്ങൾക്ക് പങ്കെടുക്കാം. മറ്റ് വാദ്യോപകരണങ്ങളിൽ നായർക്കും അനുമതിയില്ല.

പരാതി ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ

ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യ കലാകാരന്മാർക്ക് അപ്രഖ്യാപിത ജാതിഭ്രഷ്ടുള്ളതായി ഇതേവരെ ആരുടെയും പരാതി ലഭിച്ചിട്ടില്ലെന്ന് ഇടതു സർക്കാർ നിയമിച്ച ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് പറഞ്ഞു. അതുകൊണ്ടു തന്നെ ഈ വിഷയം പരിഗണിച്ചിട്ടുമില്ല. മാദ്ധ്യമങ്ങളിലെ വാർത്തകൾ സംബന്ധിച്ച് മറുപടി നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.