തൃശൂർ : അധികാരത്തിലെത്തിയാൽ കോർപറേഷനിൽ യു.ഡി.എഫിലും എൽ.ഡി.എഫിലും മേയർ പദവി പങ്കിടൽ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. കോൺഗ്രസിലെ എ - ഐ ഗ്രൂപ്പുകൾ മുൻകാലത്തേത് പോലെ മേയർ സ്ഥാനം വീതം വെയ്ക്കും.
ആദ്യ രണ്ട് വർഷം രാജൻ പല്ലൻ മേയറാകുകയും പിന്നീട് ഐ ഗ്രൂപ്പിലെ എ. പ്രസാദിനെ പരിഗണിക്കാനുമാണ് പ്രാഥമിക ധാരണ. രണ്ട് ഗ്രൂപ്പുകൾക്ക് കിട്ടുന്ന സീറ്റ് പരിഗണിച്ചായിരിക്കും തീരുമാനം. അയ്യന്തോളിലാണ് പ്രസാദ് മത്സരിക്കുന്നത്. എൽ.ഡി.എഫിൽ കഴിഞ്ഞ ഭരണസമിതിയിലേത് പോലെ, ആദ്യ രണ്ട് വർഷം സി.പി.എമ്മും പിന്നീടുള്ള രണ്ടു വർഷം സി.പി.ഐയും അവസാന വർഷം വീണ്ടും സി.പി.എമ്മും മേയർ പദവി അലങ്കരിച്ചേക്കും.
അതുകൊണ്ടു തന്നെ യു.ഡി.എഫിൽ നിർണ്ണായക സീറ്റുകളെ ചൊല്ലിയുള്ള ചർച്ച സജീവമായിരുന്നു. എൽ.ഡി.എഫിൽ സി.പി.എം - സി.പി.ഐ തമ്മിലുള്ള സീറ്റ് ചർച്ചകളും മുറുകിയിരുന്നു. ജയസാദ്ധ്യതയുള്ളതും ത്രികോണമത്സരം നടക്കാനിടയുള്ളതുമായ സീറ്റുകളിൽ ആര് മത്സരിക്കണമെന്ന് വ്യക്തമാകാത്ത പശ്ചാത്തലത്തിലായിരുന്നു ഇരു മുന്നണികളുടേയും ജില്ലാ പഞ്ചായത്ത്, കോർപറേഷൻ സ്ഥാനാർഥി പട്ടിക വൈകുന്നത്.
ആശയക്കുഴപ്പം ബാക്കി
ആദ്യം ലിസ്റ്റ് പുറത്തിറക്കി കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രംഗത്തിറങ്ങിയെങ്കിലും പ്രധാന സീറ്റുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ വൈകിയത് എ ഗ്രൂപ്പിനുള്ളിലെ തർക്കം കൊണ്ടായിരുന്നു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന കൂടിയാലോചനകൾക്ക് ശേഷം എ ഗ്രൂപ്പിലെ ഭിന്നതകളിൽ ഏതാണ്ട് തീരുമാനമുണ്ടായെങ്കിലും പൂർണ്ണമായും പരിഹരിക്കാനായില്ല.
നിലവിലുളള സ്ഥിതി നിലനിറുത്തണമെന്ന സന്ദേശം നൽകിയാണ് ഉമ്മൻചാണ്ടി മടങ്ങിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഭിന്നതകൾ പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. അതേസമയം, ചെറുപ്പക്കാരെയും വനിതകളെയും പരിഗണിച്ചില്ലെന്ന മുറുമുറുപ്പും ഉയർന്നു.
നീളുന്ന ചർച്ചകൾ
ഇടതുമുന്നണിയിൽ സി.പി.എമ്മും സി.പി.ഐയും ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് യാതൊരു സൂചനകളും തുടക്കം മുതൽക്കേ നൽകിയില്ല. ഘടകകക്ഷികളുടെ സ്ഥാനാർത്ഥികളിൽ അന്തിമ തീരുമാനമാകാനും വൈകി. ചിലരെ അവതരിപ്പിച്ചെങ്കിലും വിജയസാദ്ധ്യയില്ലെന്ന് കണ്ട് മാറ്റി. ഘടകകക്ഷികൾ കൂടുതലുള്ളതിനാൽ തന്നെ ചർച്ചകളും നീണ്ടു. ഈ സാഹചര്യത്തിൽ മുന്നണിയുടെ പ്രചാരണം ശക്തമാക്കി. സ്വതന്ത്രരെ സി.പി.എം പിന്തുണച്ചേക്കുമെന്നും വിലയിരുത്തലുണ്ടായി. ചില കോൺഗ്രസ് വിമതരെ മത്സരിപ്പിക്കേണ്ടി വന്നാൽ അത് എങ്ങനെ മുന്നണിയിൽ പ്രതിഫലിക്കുമെന്ന ആശങ്കയും ഉയർന്നു.
ത്രികോണമത്സരത്തിന് ഒരുക്കം
ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ മേയർ സ്ഥാനാർത്ഥിയാകുന്നത് സംസ്ഥാനതല നേതാക്കളെ രംഗത്തിറക്കണമെന്ന പാർട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ്. അപ്രതീക്ഷിതമായാണ് ഗോപാലകൃഷ്ണൻ രംഗത്തിറങ്ങാൻ തീരുമാനിച്ചത്. ത്രികോണമത്സരത്തിന് സാദ്ധ്യതയുള്ള ഡിവിഷനുകളുടെ എണ്ണം മുമ്പത്തേക്കാൾ കൂടിയതോടെ എൻ.ഡി.എ ശക്തമായി മത്സരരംഗത്തുണ്ട്.