തൃശൂർ: പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ തുറന്ന വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായി. പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ മുൻവശത്തു് മേൽക്കൂര നിർമ്മിക്കുകയും വിശ്രമകേന്ദ്രവും പൂന്തോട്ടവും ഒരുക്കുകയും ചെയ്തു.
വിശ്രാം ബിൽഡേഴ്‌സിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണിത്.
അഞ്ച് വർഷം മുമ്പ് ഇതേ സ്ഥാപനമാണ്, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സ്റ്റേഷൻ വികസനം എന്ന നൂതന പദ്ധതിയുടെ ഭാഗമായി പൂങ്കുന്നത്ത് റോക്ക് ഗാർഡൻ, മിനി ഷെൽട്ടർ എന്നിവ നിർമ്മിച്ചത്. പ്ലാറ്റുഫോമിൽ തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു് സംരക്ഷണ വേലിയും തീർത്തിരുന്നു.
മുൻ എം.പി സി.എൻ ജയദേവൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമുള്ള 50 ലക്ഷം ഉപയോഗിച്ചാണ് പൂങ്കുന്നത്ത് പുതിയ സ്റ്റേഷൻ മന്ദിരം പണിതത്. അതോടൊപ്പം റെയിൽവേ സിഗ്‌നൽ സംവിധാനം നവീകരിക്കുകയും ചെയ്തു. പുതിയ കെട്ടിടത്തിന്റെ സൗകര്യം ജനങ്ങൾക്ക് പൂർണ്ണമായും ഉപയോഗപ്പെടണമെങ്കിൽ കെട്ടിടത്തിന്റെ മുൻഭാഗത്തു് പൂർണ്ണമായും മേൽക്കൂരയും യാത്രികർക്ക് വിശ്രമകേന്ദ്രവും കൂടി ആവശ്യമായിരുന്നു. അതാണ് ഇപ്പോൾ പൂർത്തീകരിച്ചത്. നിലവിൽ സാധാരണ സർവീസുകൾ നിറുത്തിവെച്ചിരിക്കുന്നതിനാൽ യാത്രികർക്ക് പുതിയ സൗകര്യം ഉപയോഗിക്കാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും. അധികം വൈകാതെ വണ്ടികൾ വീണ്ടും ഓടിത്തുടങ്ങുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
759 പേർക്ക് കൊവിഡ്
തൃശൂർ: 431 പേർ രോഗമുക്തരായപ്പോൾ 759 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,856 ആണ്. 93 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ സ്ഥീരികരിച്ചവരുടെ എണ്ണം 50,743 ആണ്. 41,504 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ശനിയാഴ്ച സമ്പർക്കം വഴി 742 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 67 പുരുഷന്മാരും 54 സ്ത്രീകളും പത്ത് വയസിന് താഴെ 26 ആൺകുട്ടികളും 30 പെൺകുട്ടികളുമുണ്ട്.