തൃശൂർ: മുംബയിലെ സത്താറയിൽ തരാളി നദിയിലേക്ക് ട്രാവലർ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേരടക്കം അഞ്ചു മലയാളികൾ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. മുംബയിൽ നിന്ന് ഗോവയ്ക്ക് വിനോദയാത്ര പോയ രണ്ട് കുടുംബങ്ങളിലെ പതിമൂന്നംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ മുംബയിൽ സ്ഥിരതാമസമാണ്.
തൃശൂർ പുല്ലഴി സ്വദേശിയും മുംബയ് വാഷി സെക്ടർ 16ൽ താമസക്കാരനുമായ മധുസൂദനൻ നായർ (51), ഭാര്യ ഉഷ (45), മകൻ ആദിത്യ (22), മധുസൂദനന്റെ കുടുംബ സുഹൃത്ത് തിരുവല്ല സ്വദേശി സാജൻ നായർ (33), മകൻ ആരവ് നായർ (3) എന്നിവരാണ് മരിച്ചത്.
പത്താം ക്ലാസ് വിദ്യാർത്ഥിയായ മധുസൂദനന്റെ മകൾ അർച്ചന ഗുരുതരാവസ്ഥയിലാണ്. നവി മുംബയ് വാഷി സെക്ടർ 16ൽ താമസിക്കുന്ന ദിവ്യ മോഹൻ, ദീപ നായർ, ലീല മോഹൻ, മോഹൻ വേലായുധൻ, അർജുൻ മധുസൂദൻ നായർ, കോപ്പർ ഖർണ സെക്ടർ നാലിൽ താമസിക്കുന്ന സിജിൻ ശിവദാസൻ, ദീപ്തി മോഹൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. ബന്ധുക്കൾ മുംബയ്‌യിലേക്ക് തിരിച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ചെ നാലരയ്ക്കായിരുന്നു അപകടം. പൂനെ– ബംഗളൂരു ഹൈവേയിൽ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിൽ ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ പാലത്തിൽനിന്ന് പുഴയിലേക്ക് മറിയുകയായിരുന്നു. ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടാണ് മറിഞ്ഞതെന്നും വിവരമുണ്ട്.
അഞ്ച് പേരും തൽക്ഷണം മരിച്ചു. മുംബയ്‌യിലുളള ബന്ധുക്കൾ കറാടിലുളള സ്വകാര്യ ആശുപത്രിയിലെത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. പരിക്കേറ്റവരെ സത്താറെയിലും കറാടിലേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കോട്ടേജ് ആശുപത്രിയിലാണ്.
ദിവ്യയാണ് സാജന്റെ ഭാര്യ. തൃശൂർ പുല്ലഴി കാരേക്കാട്ട് പരേതരായ ഗോവിന്ദൻ നായരുടെയും ഭാർഗിയമ്മയുടെയും മകനാണ് മധുസൂദനൻ നായർ. മുംബയിൽ എൽ.ഐ.സിയിൽ ഓഫീസറാണ്. ഉഷ കോലഴി സ്വദേശിനിയാണ്. പുല്ലഴി സബ്‌സ്‌റ്റേഷന് സമീപമാണ് തറവാട് വീട്. കഴിഞ്ഞവർഷം നാട്ടിൽ വന്നുപോയിരുന്നു. പൂജ അവധിക്ക് നാട്ടിൽ വരാറുണ്ടായിരുന്നു. കൊവിഡായതിനാൽ ഈ വർഷം വരാനായില്ല.