തൃശൂർ: യു.ഡി.എഫ് ഇത്തവണ മികച്ച മുന്നേറ്റം നടത്തുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്. കഴിഞ്ഞ തവണ നഷ്ടപെട്ട പഞ്ചായത്തുകൾ യു.ഡി.എഫ് തിരിച്ചു പിടിക്കും. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഭരണമാറ്റം ഉണ്ടാകും. യു.ഡി.എഫ് വളരെ കെട്ടുറപ്പോടെയാണ് മുന്നോട്ട് പോകുന്നത്.
സംസ്ഥാന സർക്കാരിനെതിരെയും ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകൾക്ക് എതിരെയും ശക്തമായ ജനവികാരമാണ് നിലനിൽക്കുന്നത്. മുസ്ലിം ലീഗിന് അനുവദിച്ച എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിറുത്തും. മുഴുവൻ സ്ഥാനാർത്ഥികളെയും അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും. പഞ്ചായത്തുകളിൽ ഇതിനോടകം സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങി.
ജില്ലാ പഞ്ചായത്തിൽ മൂന്ന് സീറ്റുകളിൽ ലീഗ് മത്സരിക്കും. ഇവിടെ സ്ഥാനാർത്ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും. കോർപറേഷനിൽ കൊക്കാലെ, കൃഷ്ണപുരം സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ലീഗ് മത്സരിക്കുന്ന സീറ്റുകളിൽ യുവാക്കൾക്ക് അർഹമായ പ്രതിനിദ്ധ്യം നൽകി സ്ഥാനാർത്ഥികളെ നിശ്ചയിക്കും. നിലവിൽ കടപ്പുറം, പാവറട്ടി, പാഞ്ഞാൾ, വരന്തരപ്പിള്ളി, ഒരുമനയൂർ തുടങ്ങി വിവിധ പഞ്ചായത്തുകളിൽ യു. ഡി. എഫ് ധാരണ അനുസരിച്ച് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലെത്താൻ സാധിച്ചു. നഗരസഭകളിൽ 20 ഓളം സീറ്റുകളിൽ മത്സരിച്ച് പലയിടങ്ങളിലും സീറ്റ് കരസ്ഥമാക്കാനായി. തിളക്കമാർന്ന വിജയം ഇപ്രാവശ്യം ലീഗ് നേടും.
3 സീറ്റിൽ കേരള കോൺഗ്രസ് (ജേക്കബ്) സ്ഥാനാർത്ഥികളായി
തൃശൂർ: കേരള കോൺഗ്രസ് (ജേക്കബ്) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫ് അനുവദിച്ച നാലു സീറ്റുകളിൽ മൂന്നെണ്ണത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
പുതുക്കാട് ജില്ലാപഞ്ചായത്ത് ഡിവിഷനിലേക്ക് കെ.എം. ജയന്തിയെയും, വരന്തരപ്പിള്ളി ബ്ലോക്ക് ഡിവിഷനിലേക്ക് കെ.പി പൗർണമിയെയും പാണഞ്ചേരി പഞ്ചായത്ത് ചെമ്പൂത്ര രണ്ടാം വാർഡിലേക്ക് നീതു രാജീവിനെയും മത്സരിപ്പിക്കും. കുന്നംകുളം മുനിസിപ്പാലിറ്റിയിലെ തെക്കേപ്പുറം വാർഡ് സ്ഥാനാർത്ഥിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും. പാർട്ടി ജില്ലാ പ്രസിഡന്റ് പി.എം ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ ടി. എം. ദിവാകരൻ, സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, പോൾസൺ ആലപ്പാട്ട്, ഷാജു വടക്കൻ,ജോൺ ആടുപാറ, വർഗീസ് നീലങ്കാവിൽ, ജോയ്സൺ ചാലിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിനെതിരെ
വിമർശനവുമായി കെ.എസ്.യു
തൃശൂർ: തൃശൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി കെ.എസ്.യു രംഗത്ത്. ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ പേയ്മെന്റ് സീറ്റ് ആരോപണവും കെ.എസ്.യു ഉന്നയിച്ചു.
പ്രവർത്തിക്കുന്ന യുവാക്കളെ അവഗണിച്ച് തങ്ങളുടെ ശിങ്കിടികളെ സ്ഥാനാർത്ഥികളാക്കുന്ന നയം നേതൃത്വം തിരുത്തണം. പാർട്ടി സീറ്റുകൾ ആരുടെയും കുടുംബസ്വത്താക്കി മാറ്റാൻ അനുവദിക്കരുത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കെ.പി.സി.സി പുറപ്പെടുവിച്ച മാനദണ്ഡം പാലിക്കാൻ ജില്ലാ നേതൃത്വം തയ്യാറാവണം. മൂന്ന് പ്രാവശ്യം മത്സരിച്ചവരെ മാറ്റി നിറുത്തി, അതിൽ യുവാക്കൾക്ക് കൂടുതൽ പ്രാതിനിദ്ധ്യം നൽകണം.
അർഹരായ ദളിത് സഹോദരങ്ങളെ ജനറൽ സീറ്റുകളിൽ മത്സരിപ്പിക്കണമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പാർട്ടി നിശ്ചയിക്കുന്ന സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കും. ആറ് വർഷത്തേക്ക് പുറത്താക്കുമെന്ന താക്കീത് കെ.എസ്.യു രണ്ട് കൈയും നീട്ടി അംഗീകരിക്കുന്നു. ചെറുപ്പക്കാരോട് കരുണയും ആത്മാർത്ഥതയും കാണിക്കാൻ നേതൃത്വം തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുള്ള കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ പ്രമേയം പ്രത്യേക ജില്ലാ കമ്മിറ്റി യോഗം വിളിച്ചു ചേർത്ത് ജില്ലാ പ്രസിഡൻ്റ് മിഥുൻ മോഹനാണ് അവതരിപ്പിച്ചത്.