ചാലക്കുടി: മദിരാശിമരങ്ങളുടെ ദൃശ്യചാരുത പകർത്താൻ ആളും ആരവുമില്ലാതെ ഏകാന്തതയുടെ നിശബ്ദയിൽ ദിവസങ്ങൾ തള്ളി നീക്കുകയാണ് ചട്ടിക്കുളം തടി ഡിപ്പോയും പരിസരവും. കൊവിഡ് മഹാമാരി ഒട്ടനവധി സിനിമകൾക്കും വീഡിയോ ആൽബങ്ങൾക്കും ജീവൻ പകർന്ന കോടശേരി മലയുടെ മടിത്തട്ടിനെ ജനങ്ങളിൽ നിന്നും അകറ്റി. കുളിർക്കാറ്റും ആർദ്രമായ അനുഭൂതിയും തഴുകിയൊഴുകുന്ന ഇവിടെ മഹാപ്രളയവും തുടർന്നുണ്ടായ അതിവർഷവും കഴിഞ്ഞ വർഷങ്ങളിൽ വിനോദ സഞ്ചാരികളുടെ വരവിനെ തടഞ്ഞിരുന്നു. ഇപ്പോൾ സകലതിനും ലക്ഷ്മണ രേഖ വരച്ച് കൊവിഡ് വൈറസും എത്തിയതോടെ ആളില്ലായിടമായി ഇവിടെ മാറി.
വനം വകുപ്പിന്റെ തടികൾ ലേലം ചെയ്യുന്ന ഡിപ്പോയിൽ അകത്തേയ്ക്കു പ്രവേശിക്കാൻ അനുമതി വേണം. ഷൂട്ടിംഗിനും മറ്റും പണവും നൽകണം. പ്രകൃതിയുടെ വരദാനമായ ചട്ടിക്കുളത്തിന്റെ ദൃശ്യങ്ങൾ അഭ്രപാളികൾ ഇടംനേടിയിട്ട് രണ്ടു പതിറ്റാണ്ടുകളെ ആകുന്നുള്ളു. തുടർന്ന് മിനി സ്‌ക്രീനുകളിലെ ഷൂട്ടിംഗും വിവാഹ ഫോട്ടോകളുടെ സെറ്റും ഇവിടുത്തെ മദിരാശി മരങ്ങൾക്കു കീഴെയായി. ദൂരങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളേയും ഇവിടേയ്ക്ക് ആകർഷിച്ചതിൽ തെല്ലും അത്ഭുതമില്ല. പടർന്നു പന്തലിച്ച മദിരാശി മരങ്ങൾ പന്തൽ തീർത്ത ഇവിടം ശൂന്യമാകാൻ കൊവിഡ് വഹിച്ച പങ്ക് തടി ഡിപ്പോയിലെ വലിയ മരങ്ങളേക്കാൾ എത്രയോ കനമേറിയതാണ്.