kodakarasasti
കൊടകര ഷഷ്ഠി മഹോത്സവത്തിന് കൊടി കയറ്റിയപ്പോൾ

കൊടകര: കുന്നത്തൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവത്തിന് കൊടി കയറി. പൂനിലാർക്കാവ് ദേവസ്വം ഭരണസമിതിയും ഭക്തരും നാട്ടുകാരും ചേർന്നാണ് കുന്നിൻമുകളിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രസന്നിധിയിൽ കൊടിയേറ്റം നടത്തിയത്. കൊടിയേറ്റത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽപൂജകളും കളഭാഭിഷേകവും നടന്നു. ഷഷ്ഠിദിവസമായ നവംബർ 20വരെ ക്ഷേത്രത്തിൽ രാവിലെ നവകം, പഞ്ചഗവ്യം, വൈകീട്ട് നിറമാല, ചുറ്റുവിളക്ക് എന്നിവ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി ഷഷ്ഠി ചടങ്ങുമാത്രമായാണ് നടത്തുന്നത്.

മുഴുവൻ കാവടിസംഘങ്ങൾക്കും രാവിലെ അഞ്ചുമുതൽ ക്ഷേത്രത്തിലെത്തി ചടങ്ങിന്റെ ഭാഗമായുള്ള അഭിഷേകം നടത്താവുന്നതാണ്. ഭക്തർക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചക്ക് 12വരെ ക്ഷേത്രർശനം നടത്താം. ഷഷ്ഠിദിവസം പുലർച്ചെ 5ന് പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽനിന്നും ദേവസ്വത്തിന്റെ നേതൃത്വത്തിൽ പൂജിച്ച അഭിഷേകദ്രവ്യങ്ങളുമായി കുന്നത്തൃക്കോവിലിലെത്തി ആദ്യ അഭിഷേകം നടത്തും. തുടർന്ന് ഭക്തരുടേയും വിവിധ കാവടിസംഘങ്ങളുടേയും അഭിഷേകങ്ങൾ നടക്കും.

രാത്രി കുന്നത്തൃക്കോവിൽ ക്ഷേത്രത്തിൽ നടക്കുന്ന സുബ്രഹ്മണ്യസ്വാമിയുടെ എഴുന്നള്ളിപ്പ് ശിവക്ഷേത്രം പ്രദക്ഷിണംവച്ച് തിരിച്ചെഴുന്നള്ളും. പൂനിലാർക്കാവ് ക്ഷേത്രമൈതാനിയിൽ നടക്കാറുള്ള കാവടിയാട്ടവും മറ്റു ആഘോഷപരിപാടികളും ഇക്കുറി ഉണ്ടാവില്ല. പൂക്കാവടികളും ഗോപുരക്കാവടികളും കൊട്ടക്കാവടികളും തകിൽ, നാദസ്വരം, നാടൻകലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, കരകാട്ടം, മയിലാട്ടം തുടങ്ങി കലാപ്രകടനങ്ങളുമായാണ് ഓരോ കാവടിസംഘങ്ങളും മുൻവർഷങ്ങളിൽ ആഘോഷത്തിൽ പങ്കാളികളായിരുന്നത്. സാധാരണ കുന്നത്തൃക്കോവിലിൽ കൊടിയേറിയാൽ അന്നേദിവസം വൈകീട്ട് കാവടി സംഘങ്ങളുടെ ആസ്ഥാനങ്ങളിലും കൊടിയേറുക പതിവാണ്. എന്നാൽ ഇത്തവണ കാവടിസംഘങ്ങളുടെ ആസ്ഥാനങ്ങളിൽ കൊടിയേറ്റം ഉണ്ടായില്ല.

കുന്നത്തൃക്കോവിലിൽ കൊടിയേറ്റത്തിന് പൂനിലാർക്കാവ് ദേവസ്വം പ്രസിഡന്റ് ഇ.കൃഷ്ണൻ നായർ, സെക്രട്ടറി ഗോപി കരിംപറമ്പിൽ, ഭരണസമിതി അംഗങ്ങളായ ഇ.വി. അരവിന്ദാക്ഷൻ, സി.എം. കുട്ടപ്പൻ, മുൻ സെക്രട്ടറി ഇ. രവീന്ദ്രൻ, പി. പങ്കജാക്ഷൻ, ഭാസ്‌കരൻ കർത്ത, രാമചന്ദ്രൻ വിസ്മയ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി, മേൽശാന്തി പുത്തുകാവ് മഠത്തിൽ പ്രശാന്ത് എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു.