കൊടുങ്ങല്ലൂർ: നഗരസഭ ചെയർമാനും പ്രതിപക്ഷ നേതാവും ഏറ്റുമുട്ടുന്ന അഞ്ചാം വാർഡ് ശ്രദ്ധാ കേന്ദ്രമാകുന്നു. നഗരസഭ ചെയർമാനായ സി.പി.എമ്മിലെ കെ.ആർ ജൈത്രനും പ്രതിപക്ഷ നേതാവായ ബി.ജെ.പിയിലെ വി.ജി ഉണ്ണിക്കൃഷ്ണനുമാണ് ഒരു വാർഡിൽ ഏറ്റുമുട്ടുന്നത്.
കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണ് അഞ്ചാം വാർഡായ ടൗൺ ഹാൾ വാർഡ്. ഇവിടെ നിന്നും നേരത്തെ മത്സരിച്ച് ജയിച്ച സി.പി.എം അംഗം ശോഭ ജോഷി ഇത്തവണ മത്സര രംഗത്തില്ല. പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണിക്കൃഷ്ണൻ ബന്ധുവീടുകൾ സന്ദർശിച്ച് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്.
കെ.ആർ ജൈത്രനാകട്ടെ ഇന്നലെ രാവിലെ മുതൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടാഭ്യർത്ഥന ആരംഭിക്കുകയും ചെയ്തു. ശോഭ ജോഷിയും മൂന്ന് പ്രവർത്തകരും ജൈത്രനൊപ്പം കൂടി. വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം നിരത്തി. എന്തായാലും പത്രിക സമർപ്പണം കഴിഞ്ഞാലേ ഈ വാർഡിലെ കാര്യങ്ങൾക്ക് വ്യക്തത വരൂ.
പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ചു: ഒ.ബി.സി ഡിപ്പാർട്ട്മെന്റ്
ജനറൽ സെക്രട്ടറി സ്വതന്ത്രനായി മത്സരിക്കും
തൃശൂർ: ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗങ്ങളോടുള്ള കോൺഗ്രസിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പിന്നാക്കജാതി വകുപ്പ് സംസ്ഥാന ജനറൽ സെക്രട്ടറി ജിതേഷ് ബൽറാം രാജിവെച്ചു. കോർപറേഷനിലേക്ക് മുല്ലക്കര ഡിവിഷനിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജിതേഷ് അറിയിച്ചു.
പാർട്ടിയിൽ എന്നും പിന്നാക്ക-ദളിത് വിഭാഗങ്ങൾ അവഗണന നേരിടുകയാണെന്നും ഭാര്യാ ഭർത്താക്കന്മാർ മാറി മാറി മത്സരിക്കുന്നത് ഒഴിവാക്കണമെന്നും മൂന്ന് തവണ മൽസരിച്ചവരെ മാറ്റി പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നുമുള്ള കെ.പി.സി.സി സർക്കുലർ കാറ്റിൽപ്പറത്തിയെന്നും ജിതേഷ് കുറ്റപ്പെടുത്തി. ജില്ലയിൽ 80 ശതമാനം സ്ഥാനാർത്ഥിത്വവും ഒരു മുന്നാക്ക- ന്യൂനപക്ഷ സമുദായം പങ്കിട്ടെടുത്ത് വഞ്ചിച്ചുവെന്നും ചില സമുദായ മേലദ്ധ്യക്ഷന്മാരുടെ കത്ത് മാത്രം പരിഗണിക്കുന്നത് പാർട്ടിക്ക് ചേർന്നതല്ലെന്നും ജിതേഷ് ആരോപിച്ചു.